തിരുവനന്തപുരം: രോഹിത് വെമുലയെയും െജ.എൻ.യുവിലെ വിദ്യാർഥി സമരത്തെയും കശ്മീർ പ്രശ്നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെൻററികളുടെ പ്രദർശനത്തിന് വിലക്ക്. അന്താരാഷ്ട്ര ഡോക്യുമെൻറി-ഹ്രസ്വ ചലച്ചിത്രമേളയിൽ ഇവ പ്രദർശിപ്പിക്കുന്നത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.
സാംസ്കാരികരംഗത്ത് കേന്ദ്രത്തിെൻറ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കമൽ ആരോപിച്ചു. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പി.എൻ. റാംചന്ദ്ര സംവിധാനം ചെയ്ത ‘ദി അൺബെയ്റബിൾ ബീയിങ് ഒാഫ് ലൈറ്റ്നസ്’, ജെ.എൻ.യുവിലെ വിദ്യാർഥി പ്രേക്ഷാഭം സംബന്ധിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാർച്ച്...മാർച്ച്...മാർച്ച്’, കശ്മീരിനെക്കുറിച്ച് എൻ.സി. ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്്ത ‘ഇൻ ദി ഷെയ്ഡ് ഒാഫ് ഫാളൻ ചിനാർ’ എന്നീ ഡോക്യുമെൻററികൾക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
സാധാരണ സെൻസർ ചെയ്യാത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കുന്നതിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇക്കുറി ഇൗ മൂന്ന് ഡോക്യുമെൻററികളടക്കം സെൻസർ ചെയ്യാത്ത ചിത്രങ്ങളുടെ പട്ടിക അനുമതിക്കായി അയച്ചു. എന്നാൽ, ഇൗ മൂന്നും പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. അനുമതിക്കായി വീണ്ടും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ലഭിക്കാൻ സാധ്യത കുറവാണെന്നും കമൽ പറഞ്ഞു.
അസഹിഷ്ണുതയെ ചോദ്യം ചെയ്യുന്ന ആവിഷ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള പ്രവണതയാണ് വ്യക്തമാകുന്നത്. ജനങ്ങളെ വരിഞ്ഞുമുറുക്കിയ ഭീതിയുടെ രാഷ്ട്രീയം കലാകാരന്മാരെയും ബാധിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ ബാധിക്കുന്നത് കേരളത്തെയാണ്. രാജ്യത്ത് ഇത്രയധികം സ്വതന്ത്രസ്വഭാവത്തിൽ മേളകൾ നടക്കുന്നത് കേരളത്തിൽ മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം നിലനിൽക്കുന്നിടത്തോളം കാലം ഇവിടെ പുതിയ സിനിമകളുണ്ടാകും. ഇതും അടിച്ചമർത്തുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.