പയ്യന്നൂർ: തൊഴിലിടത്തുണ്ടായ വിവേചനങ്ങൾക്കെതിരെ തനിയെ പോരാടി ചരിത്രത്തിൽ ഇടംനേടിയ പയ്യന്നൂർ എടാട്ടെ ദലിത് ഓട്ടോഡ്രൈവർ എരമംഗലം ചിത്രലേഖയുടെ കഥ ചലച്ചിത്രമാവുന്നു. ചിത്രലേഖയുടെ ചെറുത്തുനിൽപും ജീവിതവും പറയുന്ന ഹിന്ദിചിത്രത്തിന് ബ്രിട്ടീഷ് ചലച്ചിത്രകാരൻ ഫ്രെയ്സർ സ്കോട്ടാണ് തിരക്കഥയെഴുതുന്നത്. ഇതിനുമുന്നോടിയായി ഫ്രെയ്സർ കണ്ണൂരിലെത്തി ചിത്രലേഖയുമായി സംസാരിച്ചുമടങ്ങി. നേരേത്ത ചിത്രലേഖയുടെ ജീവിതം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷണവിഷയമായിരുന്നു.
ചിത്രലേഖയെക്കുറിച്ച് ഇൻറർനെറ്റിൽനിന്നറിഞ്ഞാണ് ഫ്രെയ്സർ സ്കോട്ട് കണ്ണൂരിലെത്തിയത്. 2004ലാണ് ചിത്രലേഖ വീട്ടിനടുത്ത ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷയുമായെത്തിയത്. എന്നാൽ, സഹപ്രവർത്തകരിൽനിന്ന് നല്ല സ്വീകരണമല്ല ലഭിച്ചത്. സി.ഐ.ടി.യു യൂനിയനിൽപെട്ട ഡ്രൈവർമാരുടെ എതിർപ്പുമൂലം ഓട്ടോ ഓടിക്കാനായില്ലെന്ന് ചിത്രലേഖ പരാതിപ്പെട്ടു. മാത്രമല്ല, റിക്ഷ കുത്തിക്കീറി നശിപ്പിക്കുകയുംചെയ്തു. ഇത് വൻ പ്രതിഷേധത്തിന് വഴിവെച്ചു.
മനുഷ്യാവകാശപ്രവർത്തകരും ദലിത് സംഘടന നേതാക്കളും എടാട്ട് വൻ പ്രതിഷേധസമ്മേളനം നടത്തി. ഇവർ പുതിയ ഓട്ടോറിക്ഷ വാങ്ങിനൽകുകയും ചെയ്തു. എന്നാൽ, തുടർന്നും എടാട്ട് സ്റ്റാൻഡിൽ ഓടാനായില്ല. മാത്രമല്ല, ഇരുഭാഗങ്ങളിലുമായി നിരവധി കേസുകളുണ്ടാവുകയും ചെയ്തു. ചിത്രലേഖയെയും ഭർത്താവ് ശ്രീഷ്കാന്തിനെയും പൊലീസ് അറസ്റ്റ്ചെയ്യുകയുമുണ്ടായി. ജീവിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിനു മുന്നിലും തിരുവനന്തപുരത്തും കുടിൽകെട്ടി സമരം നടത്തുകയുംചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ സർക്കാർ ഇവർക്ക് കണ്ണൂർ കാട്ടാമ്പള്ളിയിൽ അഞ്ചുസെൻറ് സ്ഥലം നൽകി. ഈ സംഭവബഹുലമായ ജീവിതമാണ് ചലച്ചിത്രമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.