കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കാൻ അഭിനേതാക്കളുടെ സംഘടന. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിച്ച് പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സർക്കാറുമായി ഉടൻ ചർച്ച നടത്തുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിൽ ‘അമ്മ’യുടെ വിഹിതമായി പത്തുലക്ഷം രൂപ പ്രസിഡൻറ് മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ സ്വന്തംനിലക്കും സംഭാവനകൾ നൽകി. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാര്യമായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ‘അമ്മ’ എല്ലാ താരങ്ങളുടെയും പങ്കാളിത്തത്തോടെ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ ആലോചിക്കുന്നത്. സൂനാമി ദുരന്തം വിതച്ച ഘട്ടത്തിൽ സമാനരീതിയിൽ ധനസമാഹരണം നടത്തിയിരുന്നു.
കേരളത്തിനുപകരം ഏതെങ്കിലും വിദേശരാജ്യത്താകും സ്റ്റേജ് ഷോ സംഘടിപ്പിക്കുക. മലയാളികൾ കൂടുതലുള്ളതും പരമാവധി തുക സമാഹരിക്കാൻ കഴിയുന്നതുമായ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഷോ സംഘടിപ്പിച്ചാൽ കാര്യമായ വരുമാനം ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. വേദി, തീയതി തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുമായുള്ള ചർച്ചക്ക് ശേഷമാകും അന്തിമതീരുമാനം.
കേരളത്തിന് പിന്തുണയുമായി തമിഴ് സിനിമ ലോകവും നേരത്തേ രംഗത്തെത്തിയുരുന്നു. കമൽഹാസൻ, കാർത്തി, സൂര്യ തുടങ്ങിയ അഭിനേതാക്കളും തമിഴ് നടികർ സംഘവും നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ദുരിതബാധിതർക്ക് പരമാവധി സഹായം എത്തിക്കാൻ തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ പ്രേക്ഷകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.