കൊച്ചി: 1975ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മല യാള സിനിമയിലേക്ക് വില്ലനായി കടന്നുവന്ന സത്താർ, വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ നടനായുമാണ് മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചത്. ഒരു കാലത്ത് അഭി നേതാവും പിന്നീട് നിർമാതാവുമായ കെ.ജെ. സത്താര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകാന്തതയെ പുല്കുകയായിരുന്നു. കരള്‍ രോഗെത്തത്തുടര്ന്ന് ജൂലൈ 31നാണ് ദേശം കുന്നുംപുറത്തെ സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ച 3.55നായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതോടെ ചികിത്സ അവസാനിപ്പിച്ച സത്താര്‍ ഇനി മണ്ണിലേക്കുള്ള യാത്രക്കെ ആശുപത്രിയില്‍നിന്ന് മടങ്ങൂ എന്ന നിലപാടിലായിരുന്നു.
അക്കാലത്ത് യുവാക്കളുടെയെല്ലാം മനം കീഴടക്കിയിരുന്ന അഭിനേത്രി ജയഭാരതിയെയാണ് ജീവിത നായികയാക്കിയത്. ‘ബീന’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ജയഭാരതിക്കൊപ്പം അഭിനയിക്കേണ്ടി വന്നപ്പോൾ താരതമ്യേന പുതുമുഖമായ സത്താറിന് ആശങ്കകളേറെയായിരുന്നു. എങ്കിലും അന്ന് ധൈര്യം പകർന്നത് നായിക തന്നെയാണ്. അന്നു തുടങ്ങിയ അടുപ്പം പ്രണയത്തിലേക്കും അധികം വൈകാതെ വിവാഹത്തിലേക്കുമെത്തി. അതിനിടെ നായകനായി തിളങ്ങാൻ തുടങ്ങിയ സത്താറിനൊപ്പം ജയഭാരതി നായികയായി അഭിനയിക്കാൻ തുടങ്ങിയതോടെ ഹിറ്റുകളുടെ കാലം പിറന്നു.
‘അവർ ജീവിക്കുന്നു’, ‘കൊടുമുടികൾ’, ‘പത്മതീർഥം’ എന്നിവ ഇവയിൽ ചിലതായിരുന്നു. പിന്നീടെപ്പോഴൊക്കെയോ അദ്ദേഹത്തിെൻറ അഭിനയജീവിതത്തിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് നിർമാതാവായി വേഷമിട്ടുവെങ്കിലും ഇടക്ക് ആ മേഖലയിലും കാലിടറി. പ്രഫഷനൽ പ്രതിസന്ധികൾ വ്യക്തിജീവിതത്തിലേക്കും പ്രതിഫലിച്ചതോടെയാണ് ഇരുവരെയും രണ്ടുവഴി നീങ്ങാമെന്ന തീരുമാനത്തിലേക്ക് നയിച്ചത്.
ഇതിനിടയിൽ ക്രിഷ് ജെ.സത്താർ പിറന്നു. നിസ്സാരമായ വാശിയും ഈഗോയുമാണ് തങ്ങളുടെ ദാമ്പത്യബന്ധത്തിെൻറ തകർച്ചക്ക് കാരണമായതെന്ന് അദ്ദേഹം പിന്നീടെപ്പോഴോ വെളിപ്പെടുത്തിയിട്ടുണ്ട്. ജയഭാരതി-സത്താർ വിവാഹം പോലെതന്നെ വിവാഹമോചനവും അക്കാലത്തെ വലിയ ചർച്ചയായിരുന്നു. അതിനുശേഷവും ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചത്. ആശുപത്രിയിലെ അന്ത്യനിമിഷങ്ങളിൽ പോലും ജയഭാരതി ഒപ്പമുണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹത്തെ പരിചരിക്കാനായി ഇവർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.