കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തിടുക്കത്തിലുള്ളതായിപ്പോയെന്ന് നടനും സംവിധായകനുമായ ലാൽ. ഇതിൽ പ്രതിഷേധിച്ച് നടിമാർ രാജിവെച്ചത് വ്യക്തിപരമാണ്. രാജിവെക്കുന്നതൊക്കെ ഒാരോരുത്തരുടെയും തീരുമാനമാണ്. അതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ല.
പക്ഷേ, പെട്ടെന്നുണ്ടായ ആവേശത്തെ തുടർന്നാണ് ദിലീപിനെ ‘അമ്മ’യിൽനിന്ന് പുറത്താക്കിയതെന്നാണ് തോന്നുന്നത്. അത് ശരിയായ തീരുമാനമായിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ, ദിലീപിനെ ‘അമ്മ’യിൽ തിരിച്ചെടുത്തതുമായി ഉണ്ടായ വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നിർവാഹക സമിതി അംഗമായ നടൻ ജയസൂര്യ പറഞ്ഞു.
ഒൗദ്യോഗികമായി പറയേണ്ടത് ‘അമ്മ’യുടെ ഭാരവാഹികളാണെന്നും ജയസൂര്യ പറഞ്ഞു.
അക്രമിക്കപ്പെട്ട നടിയോടൊപ്പം -ഫെഫ്ക
അക്രമത്തിനിരയായ നടിക്കൊപ്പമാണ് സംഘടനയെന്ന് ഫെഫ്ക. നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കും വരെ സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നും സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരും പറഞ്ഞു.
സംഘടന ഇപ്പോഴും അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമാണ്. ഫെഫ്കയാണ് ദിലീപിനെ ആദ്യം പുറത്താക്കിയതെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘അമ്മയുടെ നിലപാട് കേരളത്തിന് അപമാനം –വൃന്ദ കാരാട്ട്
വണ്ടൂർ: സ്ത്രീവിരുദ്ധ നിലപാടുകളുമായി ‘അമ്മ’ സംഘടനക്ക് സംസ്ഥാനത്ത് എങ്ങനെയാണ് മുന്നോട്ടുപോവാൻ സാധിക്കുകയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സഹപ്രവർത്തകയെ ക്രൂരമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ആളെയാണ് അമ്മ വെള്ളപൂശി സംരക്ഷിക്കുന്നത്.
‘ഇ.എം.എസിെൻറ ലോകം’ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വണ്ടൂർ സിയന്ന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.