പറവൂർ: ജന്മദിനത്തിെൻറ ആഘോഷങ്ങളൊക്കെ മാറ്റിവെച്ച് നടൻ മമ്മൂട്ടി വെള്ളിയാഴ്ച രാവിലെ എത്തിയത് പറവൂർ പെരുമ്പടന്ന പാലത്തിന് സമീപം താമസിക്കുന്ന ആശ്രിതയുടെ കൊച്ചുകൂരയിലേക്കാണ്. പ്രളയത്തിൽ ഇളകിപ്പോയ, പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ആ വീട്ടിലേക്ക് ഇങ്ങനെയൊരു അതിഥിയെ ആശ്രിത സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടില്ല. ആശ്രിതയെ നേരിൽ കാണാനും അവർക്ക് നിർമിച്ചുനൽകുന്ന വീടിെൻറ മാതൃക കൈമാറാനുമാണ് മമ്മൂട്ടി എത്തിയത്.
പ്രളയക്കെടുതിയിൽനിന്ന് ഇനിയും കരകയറാത്ത പറവൂരിൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നാം തവണയാണ് മമ്മൂട്ടി എത്തുന്നത്. താരത്തിെൻറ വരവ് നാടും ആഘോഷമാക്കി. വെള്ളിയാഴ്ച രാവിലെ 11ഒാടെ പെരുമ്പടന്ന പാലത്തിന് സമീപം ആശ്രിതയുടെ വീട്ടിൽ മമ്മൂട്ടി എത്തിയതോടെ നാട്ടുകാരും അയൽവാസികളും തടിച്ചുകൂടി. രണ്ടു മക്കള്‍ക്കും ഭർതൃമാതാവിനുമൊപ്പം പെരുമ്പടന്ന പാലത്തിെൻറ ഇറക്കിലെ പുറമ്പോക്കിലാണ് ആശ്രിതയുടെ താമസം. ഭർത്താവ് ഉപേക്ഷിച്ചെങ്കിലും ഭർത്താവിെൻറ അമ്മയെ സംരക്ഷിക്കുന്നത് ആശ്രിതയാണ്. പ്രളയത്തിൽ വീട്ടിലേക്ക് വെള്ളം കയറിയതോടെ കുടുംബം ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. വെള്ളമിറങ്ങിയപ്പോഴേക്കും വീടുനശിച്ചിരുന്നു. താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് താമസയോഗ്യമാക്കിയത്.
ആശ്രിതയുടെ ദുരിതമറിഞ്ഞ് വൈറ്റില സ്വദേശിയായ പെയിൻറിങ് തൊഴിലാളി എ.കെ. സുനിൽ മമ്മൂട്ടിയുടെ നാടായ വൈക്കം ചെമ്പിൽ നാലു സെൻറ് ഭൂമി സൗജന്യമായി നൽകാൻ തയാറായി. വീട് നിർമാണം ഏറ്റെടുക്കാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനും രംഗത്തെത്തി. ജന്മദിന ആഘോഷങ്ങൾ ഒഴിവാക്കിയാണ് ആശ്രിതക്ക് വീടുവെച്ചുകൊടുക്കാൻ മമ്മൂട്ടി തീരുമാനിച്ചത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എസ്.എസ്. അരുൺ, സെക്രട്ടറി എം.ആർ. ഷാനവാസ്, ട്രഷറർ കെ.വിനോദ്, നിർമാതാവ് ആേൻറാ ജോസഫ്, വി.ഡി. സതീശൻ എം.എൽ.എ, പ്രൊഡക്ഷൻ കൺട്രോളർമാരായ ഡിക്സൺ പൊടുത്താസ്, ബാദുഷ, അലക്സ്, സംവിധായകൻ സോഹൻ സീനുലാൽ, നടൻ വിനോദ് കെടാമംഗലം എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.