കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകാർ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്- മമ്മൂട്ടി വ്യക്തമാക്കി.
ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.