ഞാൻ നെഞ്ചിൽ കൈ വച്ച് പറയുന്നു... ഇയാൾക്ക് അല്ലാതെ ഈ കഥാപാത്രം ഇത്ര ജീവസ്സുറ്റതായി ചെയ്യാനാകില്ല... ഒരു തെലുങ്ക് സംവിധായകന്‍റെ വാക്കുകളാണിവ. വൈ.എസ് രാജശേഖര റെഡ്ഡി എന്ന ആന്ധ്രയിലെ എക്കാലത്തെയും ജനകീയനായ മുഖ്യമന്ത്രിയെ വെള്ളിത്തിരയിലേക്ക് പകർന്നാടുന്ന മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ചാണ് പ്രശസ്ത സംവിധായകൻ മഹി വി. രാഘവ് വാചാലനായത്.
മഹി വി. രാഘവ് ഒരുക്കുന്ന 'യാത്ര' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ ആണ് വാതോരാതെ സംവിധായകൻ പുകഴ്ത്തിയത്. യാത്രയുടെ ചിത്രീകരണം പൂർത്തിയായി.
മഹി വി. രാഘവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
390ലധികം സിനിമകളിൽ അഭിനയിച്ച, മൂന്നു ദേശീയ അവാർഡുകൾ കരസ്ഥമാക്കി, അറുപതോളം പുതുമുഖ സംവിധായകരെ സിനിമാ മേഖലയിലേക്ക് അവതരിപ്പിച്ചു, ഇതിനേക്കാളുപരി അദ്ദേഹം മഹാനായ മനുഷ്യൻ കൂടിയാണ്. ഇനി ജീവിതത്തിൽ അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല.ഒരു നടനെന്ന രീതിയിൽ പരാജയപ്പെടുകയോ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാതെ ഇരിക്കുകയോ ചെയ്താൽ, അദ്ദേഹത്തെ ഒരു ആസ്വാദകൻ എന്ന നിലയിൽ അല്ലെങ്കിൽ നിരൂപകൻ എന്ന നിലയിൽ നിങ്ങൾക്ക് വിമർശിക്കാം.
എന്നാൽ, ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. എന്‍റെ മാതൃഭാഷയായ തെലുങ്കിൽ തിരക്കഥ കേട്ട്, ഓരോ വാക്കിന്‍റെയും അർഥം മനസിലാക്കി, അത് അദ്ദേഹത്തിന്‍റെ മാതൃഭാഷയിലേക്ക് പകർത്തിയെഴുതി മനോഹരമായി കാമറക്ക് മുമ്പിൽ അവതരിപ്പിച്ച നടൻ.
ഡബ്ബിങ് ചെയ്യുകയും തെറ്റുകുറ്റങ്ങൾ മനസിലാക്കി അത് വീണ്ടും വീണ്ടും റീഡബ് ചെയ്യുകയും ചെയ്ത നടൻ. ഞങ്ങളുടെ മാതൃഭാഷയെ അങ്ങേയറ്റം സ്നേഹിച്ച ഞങ്ങളുടെ സിനിമയെയും സംസ്കാരത്തെയും അങ്ങേയറ്റം നെഞ്ചിലേറ്റിയ നടൻ.
ഇതിൽ കൂടുതൽ എനിക്കൊന്നും അദ്ദേഹത്തിൽ നിന്നും ലഭിക്കാനില്ല. ഞാൻ നെഞ്ചിൽ കൈ വെച്ച് പറയുന്നു ഈ തിരക്കഥയും കഥാപാത്രവും മറ്റൊരു നടനും ഇത്രത്തോളം ജീവസുറ്റതായി അവതരിപ്പിക്കാനാവില്ല..
അദ്ദേഹം ശരിക്കും ഒരു വിസ്മയമാണ്... അദ്ദേഹം ഒത്തുള്ള യാത്രയിൽ ഞാൻ കൃതാർഥനാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.