ആമിയായി മഞ്​ജു വാര്യരെത്തും...

കൊച്ചി: നീര്‍മാതളം പൂത്തകാലത്തിന്‍െറ കഥ പറഞ്ഞ കഥാകാരി കമല സുറയ്യയുടെ ജീവിതം പറയുന്ന ‘ആമി’യില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു. സംവിധായകന്‍ കമലാണ് ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ വിദ്യ ബാലന്‍െറ പിന്മാറ്റത്തെ തുടര്‍ന്നാണ് മഞ്ജു വാര്യരെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 28ന് ശേഷം ഒറ്റപ്പാലം, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ കേന്ദ്രങ്ങളിലായി ചിത്രീകരണം ആരംഭിക്കും. 

വിദ്യ ബാലന് പകരം മഞ്ജു വാര്യര്‍ എത്തുന്നുവെന്നല്ലാതെ മറ്റു താരങ്ങളിലോ സാങ്കേതിക പ്രവര്‍ത്തകരിലോ മാറ്റമില്ളെന്നും കമല്‍ അറിയിച്ചു. പൃഥ്വിരാജ്, അനൂപ് മേനോന്‍, മുരളി ഗോപി തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കും. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കും. മധു നീലകണ്ഠനാണ് കാമറ. തിരക്കഥയില്‍ മാറ്റം വരുത്തിയതിനാലാണ് ചിത്രത്തില്‍നിന്ന് പിന്മാറിയതെന്ന വിദ്യ ബാലന്‍െറ പ്രതികരണം അധാര്‍മികവും പ്രഫഷനല്‍ കലാകാരിക്ക് യോജിക്കാത്തതുമാണ്. ഒമ്പത് മാസം മുമ്പ് അവര്‍ക്ക് വായിക്കാന്‍ നല്‍കിയ അതേ തിരക്കഥയില്‍ തന്നെയാണ് സിനിമയെടുക്കുന്നത്. മറ്റെന്തോ പ്രശ്നമാണ് വിദ്യ പിന്മാറാന്‍ കാരണമെന്നും കമല്‍ പറഞ്ഞു. 

ചിത്രീകരണത്തിന്‍െറ അഞ്ച് ദിവസം മുമ്പ് സിനിമയില്‍നിന്ന് പിന്മാറിയ വിദ്യയുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കളിലൊരാളായ റാഫേല്‍ തോമസ് പറഞ്ഞു. വിദ്യ കാരണം സാമ്പത്തിക നഷ്ടവും മാനനഷ്ടവുമുണ്ടായതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും കമല്‍ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യ പിന്മാറിയതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്ന മാധവിക്കുട്ടിയായി അഭിനയിച്ചാല്‍ ശിവസേനയടക്കമുള്ള സംഘടനകളില്‍നിന്ന് പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് പിന്മാറിയതെന്നും അഭ്യൂഹമുണ്ടായി. 

കലാകാരന്മാരുടെ തലച്ചോര്‍ ഇന്‍ഷൂര്‍ ചെയ്യേണ്ട അവസ്ഥയാണെന്ന് കമല്‍ പറഞ്ഞു. രജപുത്ര സ്ത്രീകളെ അപമാനിക്കുന്ന സീനുകള്‍ തിരക്കഥയിലുണ്ടെന്ന് പറഞ്ഞ് ജയ്പൂരില്‍ സഞ്ജയ് ലീല ബന്‍സാലിക്കുനേരെ അക്രമം നടന്നു. ലോകത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സെക്സി ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ഭീഷണിയുയര്‍ന്നു. മാധ്യമ, കല, സാംസ്കാരിക മേഖല ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിസ്സംഗ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും കമല്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹനും പങ്കെടുത്തു.  

 

 

 

 

 

 

 

 

 

Tags:    
News Summary - manju warrier come to ami movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.