മുംബൈ: കുഞ്ഞുനാള് തൊട്ട് നെഞ്ചേറ്റിയ ഇതിഹാസ ഗായകന് മുഹമ്മദ് റഫിയുടെ കാൽസ്പര്‍ശമേറ്റ മണ്ണില്‍ തൊട്ടു വണങ്ങാനായതിെൻറ നിര്‍വൃതിയിൽ ഗായകന് കൂടിയായ നടന് മനോജ് കെ. ജയന്. മഹാനവമി ദിനത്തില്‍ അപ്രതീക്ഷിതമായി ‘റഫി സാബി’െൻറ ബാന്ദ്രയിലെ വീട്ടില്‍ എത്തിയ അനുഭവം അനുഭൂതിയോടെയാണ് മനോജ് ‘മാധ്യമ’ത്തോട് വിവരിച്ചത്. രണ്ട് പതിറ്റാണ്ടായി സിനിമ പ്രവര്‍ത്തനങ്ങൾക്കും സ്വകാര്യ ചടങ്ങുകള്‍ക്കുമായി മഹാനഗരത്തില്‍ വന്നു പോകുന്നു. എന്നെങ്കിലും റഫി സാബിെൻറ വീട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്തവണ മുംബൈയില്‍ എത്തിയപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ആ സ്വപ്നം യാഥാര്‍ഥ്യമായി.
മലയാളത്തിലെ പ്രശസ്ത നടന് വീട് കാണണമെന്ന് സുഹൃത്ത് വിളിച്ച് സംസാരിച്ചപ്പോള്‍ റഫിയുടെ മകന് ശാഹിദ് റഫി സസന്തോഷം അനുമതി നല്കി. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ബാന്ദ്രയിലെ റഫി മാൻഷനില് എത്തി. വിഖ്യാത ഗായകെൻറ പാദം പതിഞ്ഞ മണ്ണിലൂടെ നടന്നപ്പോള്‍ വല്ലാത്തൊരു അനുഭൂതി. ആ മണ്ണില്‍ തൊട്ടു വണങ്ങി. അപ്പോഴാണ് സാബിെൻറ പഴകിയ ഫിയറ്റ് കാര്‍ കാണുന്നത്. ഇനിയും മരിക്കാത്ത ആ പാട്ടുകളൊക്കെ പാടാന്‍ സ്റ്റുഡിയോയിലേക്ക് അദ്ദേഹം പോയ കാർ. റഫി സാബിെൻറ കൈ പതിഞ്ഞ കാർഡോറിെൻറ പിടിയില്‍ തൊട്ടു.
അവിടെനിന്ന് തിരിച്ചുപോരുമ്പോൾ മറ്റൊരു കൗതുകംകൂടിയുണ്ടായി. അതുവരെ സുഹൃത്തിെൻറ വണ്ടിയില്‍നിന്ന് കേട്ടത് ‘കിഷോര്‍ദാ’യുടെ പാട്ടുകളായിരിന്നു. ഇപ്പോഴതാ റഫിയുടെ ‘തും മുജെ യൂം ഭുലാ ന പാഓഗെ, ഹാ തും മുജെ യൂം ഭുലാ ന പാഓഗെ, ജബ് കഭി ഭി സുനെഗെ ഗീത് മേരെ, സംഗ് സംഗ് തും ഭി ഗുന്ഗുനാഓഗെ....’ അത്രയെളുപ്പം നിനക്കെന്നെ മറക്കാനാകില്ല, അതെ അത്രയെളുപ്പം നിനക്കെന്നെ മറക്കാനാകില്ല, എെൻറ പാട്ടുകള്‍ കേൾക്കുമ്പോഴൊക്കെ നീയും അതിനൊപ്പം മൂളിപ്പോകും. അര്‍ഥം തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. റഫി സാബ് അനുഗ്രഹിച്ച പോലെ. ആ പാട്ടിനു ശേഷം പിന്നെയും കിഷോര്‍ദാ മാത്രമാണ് തുടര്‍ യാത്രയില്‍ പാടിയത്.
അനുഭവം പങ്കുവെച്ചതോടെ അത് പലര്‍ക്കും ആവേശമായിട്ടുണ്ട്. പലരും വിളിച്ചുപറഞ്ഞു ഇനി മുംബൈയില്‍ ചെന്നാല്‍ അവിടെ പോകുമെന്ന്. ഇക്കാര്യം പറഞ്ഞപ്പോള്‍ വൈകാരികമായാണ് ഗായകന് പി. ജയചന്ദ്രന് പ്രതികരിച്ചത്. റഫി സാബ് ദൈവമാണെന്ന് പറയാറുള്ള അദ്ദേഹം, എന്നെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും മനോജ് കെ. ജയന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.