തിരുവനന്തപുരം: നടൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന് പിന്നാലെ, അദ്ദേഹത്തെ ‘തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി’യാക്കി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം. മോഹൻലാലിനെ പുകഴ്ത്തി പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശംകൂടി പുറത്തുവന്നതോടെ പ്രചാരണം കൊഴുത്തു. എന്നാൽ ഇൗ വാർത്ത മോഹൻലാലുമായി അടുപ്പമുള്ളവർ തള്ളി. സംഭവത്തിൽ മോഹൻലാൽ പ്രതികരിച്ചിട്ടില്ല. താൻ നേതൃത്വം നൽകുന്ന ‘വിശ്വശാന്തി ട്രസ്റ്റി’െൻറ ചടങ്ങിന് ക്ഷണിക്കുന്നതിനാണ് ലാൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
കൂടിക്കാഴ്ചക്ക് പിന്നാലെ മോഹൻലാലിനെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന് പ്രചാരണം സമൂഹമാധ്യമങ്ങളിൽ പരക്കുകയായിരുന്നു. പ്രമുഖ ദേശീയമാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മോഹൻലാലുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മോഹൻലാലിനെ ബി.ജെ.പി ‘സ്ഥാനാർഥി’യായി ചിത്രീകരിക്കാനുള്ള നീക്കത്തെ പരസ്യമായി തള്ളി സിനിമലോകത്തെ പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമിട്ടിട്ടുണ്ട്. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിെൻറ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ തിരുവനന്തപുരത്തുള്ള ലാൽ ഇൗ വിഷയത്തിൽ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്ന് സൂചന നൽകുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വവും മോഹൻലാൽ സ്ഥാനാർഥിയായി എത്തുമെന്ന പ്രചാരണം തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.