കോഴിക്കോട്: ഇന്ത്യന്‍ സംഗീതസാമ്രാജ്യത്തിലെ ചക്രവര്‍ത്തി മുഹമ്മദ് റഫിയുടെ ഇളയമകന്‍ ഷാഹിദ് റഫി മലയാള സിനിമയില്‍ വേഷമിടുന്നു. വിനീഷ് മില്ളേനിയം സംവിധാനംചെയ്യുന്ന ‘കല്ലായി എഫ്.എം’ എന്ന ചിത്രത്തിലാണ് സുപ്രധാന വേഷത്തില്‍ ഷാഹിദ് അഭിനയിക്കുന്നത്. ഞായറാഴ്ച വൈകീട്ട് കല്ലായിയില്‍ ഷാഹിദുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
മുഹമ്മദ് റഫിയുടെ പാട്ടിന്‍െറ കടുത്ത ആരാധകനായ ഒരാളുടെ കഥപറയുന്ന ചിത്രത്തില്‍ ശ്രീനിവാസനാണ് മുഖ്യവേഷം ചെയ്യുന്നത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ വിനീഷ് മില്ളേനിയം ‘തീ കുളിക്കും പച്ചൈമരം’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. അബൂദബിയിലെ വ്യവസായിയും കൊല്ലം സ്വദേശിയുമായ ഷാജഹാന്‍ ഒയാസിസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അദ്ദേഹത്തിന്‍െറ ആദ്യ സിനിമയാണിത്. സംഗീതപ്രാധാന്യമുള്ള ചിത്രത്തിന്‍െറ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപീസുന്ദറാണ്. സജന്‍ കളത്തിലാണ് കാമറ.
ശ്രീനാഥ് ഭാസി, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, അനീഷ് ജി. മേനോന്‍, പാര്‍വതി രതീഷ്, കൃഷ്ണപ്രഭ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. പൂര്‍ണമായും കല്ലായിയില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും കല്ലായി എഫ്.എമ്മിനുണ്ട്. ഷാഹിദ് റഫിയുടെ ഭാഗംകൂടി ചിത്രീകരിക്കുന്നതോടെ ഷൂട്ടിങ് പൂര്‍ത്തിയാകും. 2017 ജനുവരിയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. മുഹമ്മദ് റഫിയുടെ സംഗീതപാരമ്പര്യമുള്ള ഷാഹിദ് റഫി അനേകം പാട്ടുകളിലൂടെ ആസ്വാദകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. റഫിയുടെ സ്മരണയില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് റഫി അക്കാദമിയുടെ ഭാരവാഹിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.