തിരുവനന്തപുരം: വ്യാഴാഴ്ച 60ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിൻെറ പ്രിയ നടൻ മോഹൻലാലിൻെറ വക ആരാധകർക്ക് പിറന്നാൾ സർപ്രൈസ്. 2013ൽ പുറത്തിറങ്ങി മലായാളത്തിലെ ഏക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിൽ ഒന്നായി മാറിയ ജീത്തു ജോസഫിൻെറ ദൃശ്യത്തിൻെറ രണ്ടാം ഭാഗം ഒരുങ്ങുന്നു. മെയ് 21ന് ലാലേട്ടൻെറ പിറന്നാൾ ആഘോഷത്തിന് മുന്നോടിയായായിരുന്നു പ്രഖ്യാപനം. ലോക്ഡൗൺ കഴിഞ്ഞ് കേരള സർക്കാർ ഷൂട്ടിങ്ങിന് അനുമതി നൽകിയാലുടൻ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. സിനിമയുടെ ടീസർ മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
മോഹൻ ലാൽ -ജീത്തു ജോസഫ് ടീമിൻെറ ഏറ്റവും പുതിയ ചിത്രമായ റാമിൻെറ ലണ്ടനിലെയും ഉസ്ബെക്കിസ്താനിലെയും ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രത്തിലേക്ക് തിരിയുന്നത്. രണ്ടുമാസം കൊണ്ട് സംസ്ഥാനത്തിനകത്ത് വെച്ച് ചിത്രീകരണം നടത്താൻ പദ്ധതിയിടുന്ന ചിത്രത്തിന് ജീത്തു ജോസഫ് തന്നെയാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർതകരുടെയും കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
ആശീർവാദ് സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ദിഖ്, അൻസിബ ഹസൻ, റോഷൻ ബഷീർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിലാണ് ഉൾപെടുന്നത്. 50 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാദി ദൃശ്യത്തിന് സ്വന്തമാണ്. മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. സിദ്ദിഖ് സംവിധാനം ചെയ്ത ‘ബിഗ്ബ്രദർ’ ആണ് മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാലിൻെറ അവസാന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.