'അങ്കമാലി ഡയറീസ്' അഭിനേതാക്കൾക്ക് നേരെ കേരളാ പൊലീസിന്‍റെ സദാചാര പൊലീസിങ്​

കൊച്ചി: 'അങ്കമാലി ഡയറീസ്'​ സിനിമ പ്രവർത്തകർക്കെതിരെ പൊലീസ്​ സദാചാര പൊലീസിങ്​ നടത്തിയെന്ന്​ ആരോപണം. സിനിമ പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങിയ അഭിനേതാക്കളടക്കമുള്ളവർക്കു നേരെ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സദാചാര പൊലീസിങ് നടത്തിയത്​. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടിയുൾപ്പെടെയുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നേരെയാണ് ഡിവൈ.എസ്.പി കെ. ബിജുമോൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതും ഭീഷണിപ്പെടുത്തിയതും.

മൂവാറ്റുപുഴ സെൻട്രൽ മാളിനു സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഏറ്റുമാനൂരിലെ മംഗളം എൻജിനീയറിങ് കോളജിൽ പരിപാടി കഴിഞ്ഞ് സിനിമയുടെ സ്റ്റിക്കറുകൾ പതിച്ച ഇന്നോവ കാറിൽ മടങ്ങുകയായിരുന്നു സംഘം. ചിത്രത്തിൽ യു ക്ലാംബ് രാജനെ അവതരിപ്പിച്ച ടിറ്റോ വിൽസൻ, അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാർ, ഭീമനെ അവതരിപ്പിച്ച വിനീത് വിശ്വം, സഖി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിന്നി റിങ്കി എന്നിവർക്കു പുറമെ ഫ്രൈഡേ ഫിലിംസിൻറെ രണ്ട് ജീവനക്കാരുമാണ് ഡ്രൈവറെക്കൂടാതെ കാറിലുണ്ടായിരുന്നത്. പരിപാടിക്കു ശേഷം ശരത്കുമാറിനെ പെരുമ്പാവൂർ വഴി കാലടിയിൽ കൊണ്ടു വിടാനായിരുന്നു സംഘം യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി അപമാനിക്കുകയായിരുന്നുവെന്ന് അഭിനേതാക്കൾ മാധ്യമത്തോട് പറഞ്ഞു.

പൊലീസ് സംഘം വാഹനം തടഞ്ഞ ഉടനെ ഡ്രൈവർ വാഹനത്തിൻറെ രേഖ നൽകിയെങ്കിലും പേപ്പറൊന്നും കാണണ്ടടോ എന്ന് പൊലീസ് ആക്രോശിക്കുകയായിരുന്നു. ടിറ്റോ വിൽസണോട് നിന്നെ പൾസർ ടിറ്റോയാക്കിത്തരാമെന്നും പെണ്ണുങ്ങളുമായി കാറിൽ നിനക്കെന്താടാ കാര്യമെന്ന് ആക്രോശിക്കുകയും ചെയ്തുവെന്ന് ബിന്നി റിങ്കി പറഞ്ഞു.

നാട്ടുകാരുടെ മുന്നിൽവെച്ച് മനപ്പൂർവം പൊലീസ്അപമാനിക്കുകയായിരുന്നുവെന്നും ഭയന്നു പോയെന്നും അവർ പറഞ്ഞു. നാട്ടുകാർ കൂടിയതോടെ പൊലീസ് പെട്ടെന്ന് മടങ്ങുകയായിരുന്നു. കാറിൻറെ രേഖകൾ പരിശോധിക്കാനും പൊലീസ് തയാറായില്ല. കൊല്ലത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ളതിനാൽ ചിത്രത്തിൽ ലിച്ചിയെന്ന പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിച്ച രേഷ്മ രാജൻ മറ്റൊരു സ്ഥലത്ത് ഇറങ്ങിയിരുന്നു. സംഭവം സിനിമയുടെ നിർമാതാവ് വിജയ് ബാബുവുമായി സംസാരിച്ചെന്നും അദ്ദേഹത്തിൻറെ നിർദേശത്തിനനുസരിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അഭിനേതാക്കൾ അറിയിച്ചു.

Tags:    
News Summary - moral policing against angamali diaries actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.