നാദിർഷ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാൽ മുന്‍കൂര്‍ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ കേസിൽ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം.  ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

നാദിർഷായുടെ ജാമ്യഹര്‍ജിയിൽ വിശദമായ വാദം കേള്‍ക്കുന്നതിന് ഈ മാസം 18 ലേക്ക് മാറ്റിയിട്ടുണ്ട്. ദിലീപിന്‍റെ അറസ്റ്റിന് മുന്‍പാണ് നാദിര്‍ഷയെ ആദ്യഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പിറ്റേന്ന് പുലര്‍ച്ചെയായിരുന്നു അവസാനിച്ചത്.

ഇതിന് ശേഷം കഴിഞ്ഞ ദിവസം നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് നാദിര്‍ഷ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണെന്ന കാരണത്താൽ അന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആശുപ്ത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നാദിര്‍ഷ ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകുകയായിരുന്നു.

Tags:    
News Summary - Nadirsha came befor investigation team-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.