അഗളി: ‘‘ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്... കുറച്ച് ദിവസം മുമ്പ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു... ഈ മരണം സഹിക്കാനാവുന്നില്ല...’’ സച്ചിയുടെ മരണത്തിന് മുന്നിൽ ഇടറിയ വാക്കുകൾ കൂട്ടിച്ചേർത്ത് നഞ്ചിയമ്മ പറയുേമ്പാൾ ഓർമകളുടെ, വേദനകളുടെ കടലിരമ്പമായിരുന്നു ആ നെഞ്ചിൽ. സച്ചി സംവിധായകൻ മാത്രമായിരുന്നില്ല എനിക്ക്. മകനെപ്പോലെയായിരുന്നു. മരണം ഇനിയും ഉൾക്കൊള്ളാനാവാതെ നഞ്ചിയമ്മ കൂട്ടിച്ചേർത്തു.
നഞ്ചിയമ്മയുടെ പാട്ടുകൾ മാത്രമായിരുന്നില്ല, നഞ്ചമ്മയെയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകാരിയാണെങ്കിലും സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ സിനിമയിൽ പാടിയതോടെയാണ് നാടറിയുന്ന പാട്ടുകാരിയായത്. സിനിമക്കുശേഷവും വിശേഷങ്ങൾ ചോദിച്ചറിയാൻ സച്ചി മടിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങൾ തിരക്കി. ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്തത് കുറച്ചുദിവസം മുമ്പാണ്. നഞ്ചിയമ്മയുടെ എല്ലാ പാട്ടും ഇഷ്ടമാണെങ്കിലും ദൈവമകളേ.. എന്ന പാട്ടിന് മുന്നിൽ സച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് സിനിമലോകത്ത് അടക്കം പുതിയ കാഴ്ചയായിരുന്നു.
മകളെ നഷ്ടപ്പെട്ട് നെഞ്ച് തകർന്ന് അമ്മ പാടുന്നതാണ് ദൈവമകളേ... എന്ന പാട്ട്. അയ്യപ്പനും കോശിയും സിനിമയിൽ ശ്രദ്ധേയവേഷം ചെയ്ത അട്ടപ്പാടി സ്വദേശി പഴനിസ്വാമിയും തീരാവേദനയിലാണ്. സിനിമയിൽ അവസരം തേടി നടന്ന പഴനിസ്വാമിക്ക് ആളറിയുന്ന വേഷം കൊടുത്തത് സച്ചിയാണ്. പതിനഞ്ച് വർഷത്തോളം സിനിമാമോഹവുമായി നടന്ന എനിക്ക് നല്ല വേഷം തന്നത് സച്ചിസാറാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് മനുഷ്യരൂപത്തിൽ വന്ന ദൈവമാണ് സച്ചിയെന്നും പഴനിസ്വാമി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.