കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തന്‍റെ പേരു വലിച്ചിഴക്കരുതെന്ന് അഭ്യർഥിച്ച് നടൻ ടിനി ടോം. വ്യാജവാർത്തകൾ പടച്ചുവിടരുതെന്ന് നടൻ ഫെയ്സ്ബുക്ക് ലൈവിൽ വന്ന് അഭ്യർഥിച്ചു. തന്നെയും തന്‍റെ കുടുംബത്തെയും ടാർജറ്റ് ചെയ്ത് താനുൾപ്പെടാത്ത കേസിൽ പ്രതിചേർത്ത് വ്യാജവാർത്ത പുറത്തു വിടുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു.
ടിനി ടോമിന്‍റെ വാക്കുകൾ
ടാർജറ്റ് ചെയ്തിട്ടുള്ള സൈബർ ആക്രമണങ്ങൾക്ക് മുമ്പും വിധേയനായിട്ടുള്ള ആളാണ് ഞാൻ. മുമ്പ് മോദിജിക്കെതിരേ സംസാരിച്ചുവെന്നും പറഞ്ഞായിരുന്നു ആക്രമണം. ഞാൻ അത്തരത്തിൽ സംസാരിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണച്ച് ഞാൻ സംസാരിച്ചിട്ടില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനുശേഷം രജത്‌കുമാറിനെതിരേ സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു എന്നെ ചീത്തവിളിച്ചത്.
ഇപ്പോൾ ഷംന കാസിമിന്‍റെ കേസിലും എന്നെ വലിച്ചിഴച്ചിട്ടുണ്ട്. പോലീസ് സംശയത്തിന്‍റെ പേരിൽ പോലും എന്നെ വിളിച്ചിട്ടില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ ഭാവനയിൽ എഴുതിവിടുന്ന വ്യാജവാർത്തകളാണ് ഇതൊക്കെ. എന്‍റെ ചെറിയ കുടുംബത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്‍റെ അമ്മ ഈ വാർത്തകൾ കണ്ട് കരഞ്ഞു. നീ ഈ കേസിലുൾപെട്ടിട്ടുണ്ടോ എന്ന് എന്നോടു ചോദിച്ചു.
ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്. ഇതുസംബന്ധിച്ച് എം.എൽ.എക്കും എംപിക്കുമൊക്കെ ഞാൻ പരാതികൊടുത്തിട്ടുണ്ട്. ഷംന കാസിമിന്റെ കേസ് അന്വേഷിക്കുന്ന പോലീസുകാരെ വിളിച്ചു ചോദിച്ചാൽ സത്യാവസ്ഥ അറിയാമല്ലോ. സൂപ്പർതാരത്തിന്റെ മകനായിട്ടോ മറ്റു സിനിമാസ്വാധീനമുണ്ടായിട്ടോ അല്ല ഞാൻ സിനിമയിലെത്തിയത്. വലിയ നടനുമല്ല, മിമിക്രിക്കാരനുമല്ല. സ്വന്തം അധ്വാനം കൊണ്ടു തന്നെയാണ് സിനിമയിലെത്തിയത്.
ചെയ്യാത്ത കുറ്റം എന്റെ മേൽ ആരോപിച്ചാൽ അതിനു ദൈവം തക്ക ശിക്ഷ തരും. ഷംനയോ കേസിലെ പ്രതികളോ സംശയാസ്പദമായി പോലും എനിക്കെതിരേ സംസാരിച്ചിട്ടില്ല. അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് കഥകൾ മെനഞ്ഞെടുക്കുന്നതെന്തിനാണ്? എനിക്കുള്ള സമ്പാദ്യത്തിന് കൃത്യമായി നികുതി അടച്ചുകൊണ്ടു തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരെയും അനുകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.