ദിലീപ് അനുകൂല പ്രസ്താവന: ഗണേഷ് കുമാറിനെതിരെ പൊലീസ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ  അനുകൂലിച്ചുകൊണ്ട്  ഗണേഷ്കുമാർ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം കോടതിയിൽ. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിഷയത്തിൽ കോടതി അടിയന്തിരമായി ഇടപെടണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഗണേഷ്കുമാറിന്‍റെ പ്രസ്താവനക്ക് ശേഷം സിനിമാക്കാർ കൂട്ടമായി ദിലീപിനെ സന്ദർശിക്കാൻ ജയിലിലെത്തിയതും സംശയാസ്പദമാണെന്ന് അന്വേഷണസംഘം പറയുന്നു. ജയിലിലെ സന്ദർശക ബാഹുല്യം അന്വേഷണത്തെ ബാധിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ ധരിപ്പിച്ചു.  വിഷയത്തിൽ ആലുവ ജയിൽ സൂപ്രണ്ടിനോട് കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും സിനിമാ മേഖലയിലുള്ളവരെല്ലാം ദിലീപിനെ സഹായിക്കണമെന്നായിരുന്നു ഗണേഷ് അഭിപ്രായപ്പെട്ടത്. ഗണേഷിന്റെ പ്രസ്താവന കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ സാക്ഷികളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റായ ഗണേഷിന്‍റെ പ്രസ്താവന ഇവരെ സ്വാധീനിച്ചേക്കാം. ഗണേഷിന്റെ പ്രസ്താവന എങ്ങനെ സ്വാധീനിച്ചു എന്നതിന് തെളിവാണ് ജയിലിലെ  സന്ദര്‍ശകപ്രവാഹമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഗണേഷ് കുമാര്‍  ജനപ്രതിനിധിയായ ഒരാള്‍ അന്വേഷണസംഘത്തെ സംശയിക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവന കേസിനെ ദോഷകരമായി ബാധിക്കും. കൂടാതെ ഇത് പൊലീസിനെതിരായ കാമ്പയിനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Police against Ganesh kumar MLA- Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.