കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനുമേൽ കുരുക്ക് മുറുകുന്നു. നടെൻറ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ചും ഭൂമി ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നാദിർഷ, ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മാനേജർ അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധമുള്ള ചില താരങ്ങളെക്കൂടി ചോദ്യം ചെയ്യാനും നീക്കമുണ്ട്. കേസുമായി ബന്ധമുള്ള ചിലരെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.
ഗൂഢാലോചനയിൽ ദിലീപിെൻറ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്--സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ കുരുക്ക് മുറുകുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് ദിലീപ് അന്വേഷണവുമായി നിസ്സഹകരിക്കുന്നതും നിർണായക ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതും. ചാലക്കുടിയിലെ ദിലീപിെൻറ ഡി-സിനിമാസ് എന്ന തിയറ്റർ സമുച്ചയം ഒരേക്കർ സർക്കാർ ഭൂമി കൈയേറിയാണ് നിർമിച്ചതെന്ന ആരോപണത്തിൽ റവന്യൂ മന്ത്രി ശനിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. ഇടനിലക്കാർ വഴി പൾസർ സുനിക്ക് പണം കൊടുത്ത് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചതായും വിവരം ലഭിച്ചു.
ദിലീപിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. ചില പ്രമുഖർ നിരീക്ഷണത്തിലുമാണ്. ഇൗ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സുനിയെ കണ്ണിയാക്കി ഗൾഫിലുള്ള ചിലരുമായി ചേർന്ന് ദിലീപ് നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, ദിലീപിെൻറ അനധികൃത സ്വത്തിനെക്കുറിച്ച് എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ അന്വേഷണം പുരോഗമിക്കുകയാണ്.
ജൂൺ 28ന് ദിലീപിനെയും നാദിർഷായെയും 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴിയിൽ പൊരുത്തക്കേടുള്ളതിനാലാണ് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിനെക്കുറിച്ച് വ്യക്തമായി അറിവുള്ള നാദിർഷായെ മാപ്പുസാക്ഷിയാക്കി അറസ്റ്റിൽനിന്ന് ഒഴിവാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ടെങ്കിലും നാദിർഷ സന്നദ്ധനായിട്ടില്ല. നടിയെ ആക്രമിക്കുന്നതിലോ പ്രതികളെ സംരക്ഷിക്കുന്നതിലോ നാദിർഷായുടെ ഇടപെടലുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിൽ നാദിർഷായിൽനിന്നും കാവ്യയിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് കരുതുന്നു.ഇതിനുപുറമെ, 2013ൽ എറണാകുളത്തെ ആഡംബര ഹോട്ടലിൽ, ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കം നടന്നിരുന്നു. ‘ഞാനും നീയും തമ്മിലെ ഏഴുവർഷത്തെ സൗഹൃദം ഇതോടെ അവസാനിച്ചു’ എന്ന് പറഞ്ഞാണ് ദിലീപ് അന്നവിടെനിന്ന് ഇറങ്ങിപ്പോയത്. ഇതിന് സാക്ഷികളാകുകയും പ്രശ്നപരിഹാരത്തിന് ഇടപെടുകയും ചെയ്ത താരങ്ങളെയും ചോദ്യം ചെയ്യാൻ നീക്കമുണ്ട്. ഇതിന് താരങ്ങളുടെ പട്ടികയും വിശദ ചോദ്യാവലിയും പൊലീസ് തയാറാക്കി.
അന്വേഷണം തുടരുന്നു–ഡി.ജി.പി
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം തുടരുകയാണെന്നും നിയമനടപടികൾ ശക്തമായി നടക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസിൽ വിവരങ്ങൾ പുറത്തുപറയരുതെന്ന് പൊലീസിന് കോടതിയുടെ ശക്തമായ നിർദേശമുണ്ട്. അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. ഇ-മെയിൽ കേസ് പിൻവലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാറിനുണ്ട്. ഇ-മെയിൽ കേസ് 2011ലാണ് നടന്നത്. അന്നത്തെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും പരിശോധിച്ചാകും സർക്കാർ തീരുമാനം. പൊലീസിനെ മോശപ്പെടുത്തുന്ന ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്നും അതുസംബന്ധമായ ഫയൽ കണ്ടിട്ടില്ലാത്തതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ബെഹ്റ പ്രതികരിച്ചു.
തമിഴ്നാട്ടിൽനിന്ന് ഒരാൾ കസ്റ്റഡിയിൽ
നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ സ്ഥിരമായി തങ്ങിയിരുന്ന മലയാളി യുവാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെത്തുന്ന സിനിമ അഭിനേതാക്കളെ സെറ്റുകളിൽ എത്തിക്കുന്ന വാഹനങ്ങളുടെ ൈഡ്രവറാണ് ഇയാൾ. ആലുവ പൊലീസ് ക്ലബിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.ഗോവയിൽ നടിയെ ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. തമിഴ്നാട്ടിലും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ക്വട്ടേഷൻ ഏറ്റെടുത്തത് താനാണെന്ന് പൾസർ സുനി സമ്മതിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ തങ്ങുന്ന മറ്റൊരു ൈഡ്രവറെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. തമിഴ്നാട്ടിൽ പോയി കസ്റ്റഡിയിലെടുത്ത് വിമാനമാർഗം കൊണ്ടുവരുകയായിരുന്നു. കസ്റ്റഡിയിലെടുത്തത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേരെ മൊഴിയെടുക്കാൻ വിളിപ്പിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സുനിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന തുടങ്ങി. സുനിയുടെ അമ്മയുടെ യൂനിയൻ ബാങ്ക് അക്കൗണ്ടിൽ അരലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തു. എന്നാൽ, അക്കൗണ്ടിലെത്തിയ അരലക്ഷം രൂപ ചിട്ടി ചേർന്നതിലൂടെ കിട്ടിയതാണെന്നാണ് അമ്മയുടെ മൊഴി. അനധികൃതമായി പണം എത്തിയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളുടെ അക്കൗണ്ടുകളും പരിശോധിച്ചുവരുകയാണ്. ക്വേട്ടഷെൻറ അഡ്വാൻസായി 10,000 രൂപ ദിലീപ് കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സുനിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിൽ ഇതുമായി ബന്ധപ്പെട്ട് പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.