മോഹൻലാൽ^ലാൽ ജോസ് കൂട്ടുകട്ടിലെത്തിയ 'വെളിപാടിന്‍റെ പുസ്തകം'എന്ന ചിത്രത്തിലെ ജിമിക്കി കമ്മലാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ്. ഗാനത്തിന്‍റെ നിരവധി വിഡിയോ പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അച്ഛന്‍റെ ചിത്രത്തിലെ ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. പ്രണവ് ചിത്രം ആദിയുടെ ഹൈദരാബാദിലെ ലൊക്കേഷനിൽ വെച്ചാണ് പ്രണവും ജിമിക്കിക്കമ്മലിന് താളം പിടിച്ചത്. ലൊക്കേഷനിലെ ഒാണാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ ഫ്ലാഷ്മോബിലാണ് പ്രണവും ചേർന്നത്. മുണ്ടും ഷർട്ടും ധരിച്ച് നടി അനുശ്രീയും മറ്റു സിനിമയിലെ അണിയറപ്രവർത്തകരും ഉൾപ്പടെയുള്ളവർ ജിമിക്കിക്കമ്മലിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ആദി. ജിത്തു ജോസ്ഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ. ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.