ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍റില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവെച്ചു. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍റെ വാദം  അവസാനിച്ചു. പ്രതിഭാഗത്തിന്‍റെ വാദം ഇന്നലെ അവസാനിച്ചിരുന്നു. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയെ മൊബൈല്‍ എവിയാണെന്ന് ഹൈകോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇത് തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്ന് പ്രോസിക്യൂഷൻ മറുപടി നല്‍കി.

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് പിടികൂടുകയാണെങ്കിൽ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്‍റെ മൊഴി കൂടി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഈ വാദങ്ങള്‍ ഉന്നയിച്ചത്. വിപിൻലാലിന്‍റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചുകേൾപ്പിച്ചു. ക്വട്ടേഷന്‍ ദിലീപിന്‍റെയാണെന്ന് 10ാം പ്രതി വെളിപ്പെടുത്തിയിട്ടുള്ളതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കാവ്യയുടെ ഡ്രൈവർ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു. പൾസർ സുനി ലക്ഷ്യയിൽ എത്തിയെന്ന് മൊഴി നൽകിയയാളെയാണ് ഡ്രൈവർ സ്വാധീനിക്കാൻ ശ്രമിച്ചത്.

പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപിന്‍റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി. രാമന്‍ പിള്ള പറഞ്ഞു. റിമാന്‍റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്‍റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

Tags:    
News Summary - The prosecution claims that Dileep Pulsar was given a quotation of Rs 1.5 crore-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.