കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും തയ്യാറാണെന്ന് നടൻ ദിലീപ്. ഒരു കേസിന്‍റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയയിലൂടെയും ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യാനും പുതിയ ചിത്രം രാമലീലയേയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്താനും സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മ ചെയ്യാനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദിലീപ് പറയുന്നു. സലിംകുമാറിനും അജുവർഗീസിനും പിന്തുണയറിയിച്ചുകൊണ്ടാണ് ദിലീപിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സലിംകുമാറിനും അജുവർഗ്ഗീസിനും നന്ദി ,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു. അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്‍റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു. ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും അതിലൂടെ അവരുടെ അന്തിചർച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണ്. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ് എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക, എന്‍റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക, അതിലൂടെ എന്‍റെ പുതിയ ചിത്രം രാമലീലയേയും, തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാൻ ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നവരോടും എന്‍റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല, സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ് ടെസ്റ്റോ നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണ്. അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്‍റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.