സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് തനിക്ക് തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന് വെളിപ്പെടുത്തി സാമുവൽ അബിയോള റോബിൻസൺ. വിമാന യാത്രയടക്കമുള്ള ചിലവ് കഴിച്ച് ഒരു ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി നൽകിയതെന്നും സാമുവൽ പറഞ്ഞു. സുഡാനിയുടെ നിർമാതാക്കളായ സമീർ താഹിർ,ഷൈജു ഖാലിദ് എന്നിവർ പുറത്തുവിട്ട പ്രസ്താവനക്ക് മറുപടിയായി അയച്ച ഇ-മെയിൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് സാമുവലിെൻറ പുതിയ ആരോപണം.
വളരെ കുറഞ്ഞ ബജറ്റിൽ നിർമിക്കുന്ന ചെറിയ ചിത്രമാണെന്ന് കരുതിയാണ് താൻ സുഡാനിയിൽ ഇത്രമാത്രം പ്രതിഫലം വാങ്ങി അഭിനയിച്ചതെന്നും കേരളത്തിെൻറ മനോഹാരിതയും അനുകമ്പയും അനുഭവിക്കാൻ കൂടിയായിരുന്നു തെൻറ ഉദ്ദേശമെന്നും സാമുവൽ പറഞ്ഞു.
കേരളത്തിൽ മാത്രം റിലീസ് ചെയ്യുന്ന ചിത്രമാണെന്നാണ് കരുതിയത്. എന്നാൽ കുഴപ്പമല്ലാത്ത ബജറ്റിൽ നിർമിച്ച് ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലടക്കം റിലീസ് ചെയ്യാൻ പോകുന്ന സിനിമയാണെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വാൾട്ട് ഡിസ്നിയുടെ ‘ഡെസ്പെരേറ്റ് ഹൗസ്വൈവ്സ് ഒാഫ് ആഫ്രിക്ക’ എന്ന ചിത്രത്തിൽ 16ാം വയസ്സിൽ അഭിനയിച്ചപ്പോൾ എനിക്ക് ഇതിെൻറ മൂന്നിരട്ടി പ്രതിഫലം മാസംതോറും കിട്ടിയിരുന്നെന്നും സാമുവൽ പറഞ്ഞു.
അതേസമയം സാമുവലിെൻറ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. കരാർ പ്രകാരമുള്ള പ്രതിഫലം നൽകിയിട്ടുണ്ടെന്നും സിനിമയുടെ വിജയത്തിനനുസരിച്ചുള്ള സമ്മാനത്തുക നൽകുമെന്ന് നേരത്തെ സാമുവൽ അടക്കമുള്ള താരങ്ങളെ അറിയിച്ചിരുന്നു എന്നുമാണ് നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും വ്യക്തമാക്കിയത്. സിനിമയുടെ ലാഭം നിർമാതാക്കളിൽ എത്തിച്ചേരാൻ നിശ്ചിത സമയമെടുക്കും എന്നിരിക്കെ ഇത്തരം ആരോപണം വംശീയ പ്രശ്നങ്ങൾ ചേർത്ത് പറയുന്നതിന് പിന്നിൽ മറ്റ് സ്ത്രോതസ്സുകളാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.