സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായ നൈജീരയൻ താരം സാമുവൽ അബിയോള റോബിൻസണെ അധിക്ഷേപിക്കുന്ന രീതിയിൽ മീം ഉണ്ടാക്കിയ 'ഒഫൻസീവ് മലയാളം മീംസ്' ആഡ്മിൻമാർ താരത്തോട് മാപ്പ് പറഞ്ഞു. സാമുവൽ തന്നെയാണ് അഡ്മിൻമാർ മാപ്പ് പറഞ്ഞ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'അവർ യുവാക്കളായിരുന്നു. അതൊരു കാരണമല്ലെങ്കിൽ കൂടി. നിർമാതാക്കളായ ഹാപ്പി ഹൗർ എൻർടൈൻമെൻറ്സ് അധികൃതർ അഡ്മിൻമാരുമായും അവരുടെ രക്ഷിതാക്കളുമായും ഒരു കൂടിക്കാഴ്ച വെക്കുന്നുണ്ട്. ഇനി മേലിൽ അവർ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം.
തുടക്കത്തിൽ പൊലീസിൽ കേസ് കൊടുത്തെങ്കിലും, ഇപ്പോൾ അത് പിൻവലിച്ചു. അവരുടെ ഭാവിക്ക് കേസ് ഒരു പ്രശ്നമാവേണ്ടെന്ന് കരുതി. ഇൗ സാഹചര്യത്തിൽ എനിക്ക് പിന്തുണ നൽകിയ എല്ലാ മലയാളികൾക്കും നന്ദി. നിങ്ങളുടെ ക്ഷമാപണം മുഴുവൻ ആഫ്രിക്കൻ വംശജർക്കും വേണ്ടി ഞാൻ സ്വീകരിക്കുന്നു. - സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ സൗബിനും സാമുവലും ഒരുമിച്ചുള്ള രംഗം പശ്ചാത്തലമാക്കി വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ‘‘ഇൗ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു മൃഗങ്ങളെയും ഉപദ്രവിച്ചിട്ടില്ല’’ എന്ന് സിനിമ തുടങ്ങുേമ്പാൾ എഴുതിക്കാണിച്ചിരുന്നു. എന്നാൽ സാമുവൽ അബിയോള റോബിൻസണെ അണിയറക്കാർ ഉപദ്രവിച്ചു എന്ന രീതിയിലായിരുന്നു മീം. ഇൗ പോസ്റ്റിന് താഴെ സാമുവലിെന പലരും ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ തീർത്തും വംശീയമായ പോസ്റ്റായിരുന്നു അതെന്ന് സാമുവൽ പ്രതികരിച്ചു. ഒരുപാട് സങ്കടവും ദേഷ്യവും തോന്നി, ഒരാൾക്ക് നേരെയുള്ള ഏറ്റവും നീചമായ ആക്രമണമാണ് അയാൾ ജനിച്ച വംശത്തെയും ആ അവസ്ഥയെയും പരിഹസിക്കുന്നത്. ഇത് വംശീയതയുടെ അങ്ങേയറ്റമാണെന്നും വിഷാദത്തിന് അടിമയാക്കാൻ വരെ ഇതിന് കഴിയുമെന്നുമായിരുന്നു സാമുവലിെൻറ പ്രതികരണം. സംഭവം വിവാദമായതോടെ പേജ് അടച്ചു പൂട്ടുകയും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അഡ്മിൻമാർ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.