കൊച്ചി: യുവനടൻ ഷെയ്ൻ നിഗമിനെതിരായ വിലക്ക് നീക്കുന്നത് സംബന്ധിച്ച് അഭിനേതാക ്കളുടെ സംഘടനയായ ‘അമ്മ’ നിർമാതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പ െട്ടു. ചിത്രീകരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകൾക്ക് നഷ്ടപരിഹാരമായി ഷെയ്ൻ ഒരു കോടി നൽകണമെന്ന ആവശ്യത്തിൽ നിർമാതാക്കൾ ഉറച്ചുനിന്നതാണ് കാരണം. ഇത്രയും വലി യ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ‘അമ്മ’യും വ്യക്തമാക്കി.
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാതെ ചർച്ചക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ‘അമ്മ’യുടെ ഇടപെടലിനെത്തുടർന്ന് ഷെയിൻ മുടങ്ങിയ രണ്ട് ചിത്രങ്ങളുമായി സഹകരിക്കാമെന്ന് സമ്മതിക്കുകയും ‘ഉല്ലാസ’ത്തിെൻറ ഡബ്ബിങ് പൂർത്തിയാക്കുകയും ചെയ്തതോടെയാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്.
ഏഴ് കോടി നഷ്ടപരിഹാരം കിട്ടാതെ ഷെയ്നുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിലക്ക് ഏർപ്പെടുത്തിയ നിർമാതാക്കൾ, തിങ്കളാഴ്ചത്തെ ചർച്ചയിൽ ഒരു കോടി കിട്ടാതെ വിലക്ക് പിൻവലിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പിനോട് ‘അമ്മ’ ഭാരവാഹികൾ വിയോജിച്ചു. ഷെയ്ൻ ഒരുപാട് അനുഭവിച്ചെന്നും ഒരു സിനിമ പോലും ചെയ്യാനാവാത്ത അവസ്ഥ ഉണ്ടായെന്നും ഇനി ഇത് തുടരാനാവില്ലെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉല്ലാസത്തിെൻറ ഡബ്ബിങ് പൂർത്തിയാക്കിയാൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് വാക്ക് തന്ന നിർമാതാക്കളുടെ പുതിയ നിലപാട് അംഗീകരിക്കാനാവില്ലെന്നും ബാബു വ്യക്തമാക്കി. ‘അമ്മ’ നിർവാഹകസമിതി വിഷയം ചർച്ച ചെയ്ത് ഭാവി നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, നഷ്ടപരിഹാരം വേണമെന്നത് തുടക്കം മുതലുള്ള ആവശ്യമാണെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് രഞ്ജിത്ത് പറഞ്ഞു. രണ്ട് നിർമാതാക്കൾക്കും ഏറെ സാമ്പത്തിക നഷ്ടമുണ്ട്. തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് ‘അമ്മയാണെന്നും അദ്ദേഹം അറിയിച്ചു. ഇരു സംഘടനകളും ചർച്ച തുടരുമെന്നാണ് സൂചന. ‘അമ്മ’ പ്രസിഡൻറ് മോഹൻലാലിെൻറ ഇടപെടലും ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.