കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമസംഘടനകൾ വീണ്ടും ഒത്തുതീർപ്പ് ചർച്ചകളിലേക്ക്. വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് താരസംഘടനയായ അമ്മക്കും ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനകൾക്കും ഷെയ്ൻ കത്ത് നൽകിയതോടെയാണ് ചർച്ച പുനരാരംഭിക്കാൻ വഴിയൊരുങ്ങിയത്. ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരുന്ന നിർവാഹകസമിതിയിലേക്ക് വിളിച്ചുവരുത്തി ഷെയ്നിന് പറയാനുള്ളത് കേൾക്കാനാണ് ‘അമ്മ’ തീരുമാനം.
‘വെയിൽ‘, ‘കുർബാനി’ സിനിമകൾക്കുണ്ടായ ഏഴ് കോടിയുടെ നഷ്ടം നികത്താതെ ഷെയ്നിനെ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കൾ തീരുമാനിച്ചിരുന്നു. വിലക്ക് പിൻവലിപ്പിക്കാൻ ഫെഫ്കയും ‘അമ്മ’യും മുൻകൈയെടുത്ത് ചർച്ചകൾ നടക്കുന്നതിനിടെയാണ് നിർമാതാക്കൾ മനോരോഗികളാണെന്ന രീതിയിൽ ഷെയ്ൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഇതോടെ ഷെയ്ൻ പരസ്യമായി മാപ്പ് പറയണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുകയും ഫെഫ്കയും ‘അമ്മ’യും ചർച്ചകളിൽനിന്ന് പിന്മാറുകയും ചെയ്തു.
ഖേദം പ്രകടിപ്പിച്ച് നടൻ കഴിഞ്ഞദിവസം മൂന്ന് സംഘടനക്കും ഇ-മെയിൽ അയച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്ത നിർമാതാക്കൾ, ഷെയ്നുമായി നേരിട്ട് ചർച്ചയില്ലെന്നും ‘അമ്മ’ ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയശേഷം അറിയിക്കട്ടെ എന്നുമുള്ള നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡൻറ് മോഹൻലാലിെൻറകൂടി സൗകര്യം കണക്കിലെടുത്ത് ഒമ്പതിന് നിർവാഹകസമിതി ചേരുന്നത്. ഷെയ്ന് പറയാനുള്ളത് കേട്ടതിനുശേഷം നിർമാതാക്കളുമായും ഫെഫ്കയുമായും തുടർ ചർച്ചകൾ നടത്തി ഒത്തുതീർപ്പിലെത്താനാണ് ‘അമ്മ’യുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.