തൃശൂർ: കലാഭവൻ മണിക്കെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മണിയുടെ കുടുംബം. ദിനേശിനെതിരെ സാംസ്കാരിക വകുപ്പിന് രേഖാമൂലം പരാതി നൽകിയതായി മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു. മന്ത്രി എ.കെ. ബാലനും പരാതി നൽകും.
‘മണി മരിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ഒരു പ്രകോപനവുമില്ലാതെ അവഹേളിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ആരോ ഉണ്ട്. എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ല. സിനിമാ സംഘടനയായ ‘അമ്മ’ക്കും പരാതി നൽകിയിട്ടുണ്ട്. മമ്മൂട്ടിക്ക് വാട്സ്ആപ്പിലൂടെ പരാതി നൽകി’ - രാമകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെപ്പറ്റി ഇത്തരത്തിൽ മോശമായി സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഈ സമയത്ത് ഇത്തരത്തിൽ അവഹേളനം നടത്തിയതിൽ സംശയിക്കണം’- അദ്ദേഹം പറഞ്ഞു.
കലാഭവൻ മണി അഹങ്കാരിയായിരുന്നെന്നും പൊതുവേദിയിൽ ദാരിദ്ര്യം പ്രസംഗിച്ച് സമ്പന്നതയിൽ അഹങ്കരിച്ചയാളാണെന്നുമായിരുന്നു ദിനേശ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശം. മണിയെ ന്യായീകരിച്ച മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെയും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ വിമർശിച്ചിരുന്നു.
ദിലീപിന് ഏറ്റവും അടുപ്പമുള്ള സിനിമാക്കാരനും നടി ആക്രമണക്കേസിൽ ദിലീപിനെ പിന്തുണച്ച് മാധ്യമങ്ങളിൽ സജീവമായിരുന്നവരിൽ പ്രധാനിയുമായിരുന്നു ശാന്തിവിള ദിനേശ്. ഇയാൾക്കെതിരെ സാംസ്കാരിക മന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിക്കുമെന്നും ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.