ആലുവ: നടൻ ദിലീപിനെ ചോദ്യം ചെയ്തത് മൊഴിയിലെ പൊരുത്തക്കേടിനെ തുടർന്നാണെന്ന് റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. നേരത്തെ നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടായിരുന്നു. അതിനാലാണ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കുറ്റപത്രം അന്തിമ ഘട്ടത്തിലാണ്. പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നും എസ്.പി വ്യക്തമാക്കി.
ദിലീപിന് പുറമെ അനുജൻ അനൂപിനെയും അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. വൈകിട്ടാണ് അനൂപിനെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. രാവിലെ പത്തുമണി മുതൽ ഉച്ചക് 12 വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.
സംഭവ ദിവസം താൻ ആശുപത്രിയിലായിരുന്നെന്ന് കാണിച്ച് ദിലീപ് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് അറിയുന്നത്. സംഭവ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തിരുന്നു.
ചികിത്സക്ക് എത്തിയിരുന്നെങ്കിലും അഡ്മിറ്റ് ആയില്ല എന്നാണ് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചിരുന്നത്. പനിയും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും പകൽ സമയത്ത് മാത്രമാണ് ആശുപത്രിയിൽ വിശ്രമിച്ചിരുന്നത്. രാത്രിയിൽ വീട്ടിൽ പോയിരുന്ന ദിലീപിന് ഇഞ്ചക്ഷൻ നൽകാൻ നഴ്‌സുമാരെ അങ്ങോട്ടേക്ക് കൊണ്ടുപോകലായിരുന്നു പതിവ്. ഈ വിവരത്തിൻറെ അടിസ്‌ഥാനത്തിലാണ് ചോദ്യം
ചെയ്തതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.