കൊച്ചി: വിമെൻ ഇൻ സിനിമ കലക്ടീവിൻെറ (ഡബ്ല്യു.സി.സി) നേതൃനിരയിലുള്ള സംവിധായികക്കെതിരെ രൂക്ഷ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍. അവർ സംവിധാനം ചെയ്ത സിനിമയിൽ കോസ്റ്റ്യൂം ചെയ്തതിൻെറ പ്രതിഫലം ചോദിച്ചപ്പോൾ, കാരണം പോലും വ്യക്തമാക്കാതെ തന്നെ പുറത്താക്കിയതായാണ് സ്റ്റെഫി പറയുന്നത്.
മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സിനിമ രംഗത്തെ സ്ത്രീകളുടെ സുരക്ഷക്കും അവകാശത്തിനുമായി ഡബ്ല്യു.സി.സി രൂപവത്കരിച്ചത്. എന്നാൽ, ഇതിൻെറ നേതൃനിരയിലുള്ളവർ കടുത്ത വിവേചനം കാണിക്കുന്നതായി, രൂപവത്കരണകാലം മുതൽ സംഘടനയിൽ സജീവമായിരുന്ന സംവിധായിക വിധു വിന്‍സെൻറ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡബ്ല്യു.സി.സി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സ്റ്റെഫിയും രംഗത്തെത്തിയത്.
ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചപ്പോൾ, ‘‘സ്‌റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണെന്ന’’ മാസ് മറുപടിയാണ് ലഭിച്ചതത്രെ. സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും തൻെറ പേര് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് ഡബ്ല്യു.സി.സി നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നതെന്നും സ്റ്റെഫി ഫേസ്ബുക് പോസ്റ്റിൽ ആരോപിച്ചു.
തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും ടെക്നിഷ്യൻസിൻെറയും വളർച്ച കൂടി ഒന്നു പരിഗണിക്കാമെന്നും പോസ്റ്റിൽ പറയുന്നു. സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നത് ഫെഫ്കയാണെന്നും ഇവർ പറയുന്നു.
ഫെഫ്കയെയും ബി. ഉണ്ണികൃഷ്ണനെയും പ്രശംസിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തുറന്നുപറച്ചിലിനെ പിന്തുണച്ച് സിനിമമേഖലയിലെ നിരവധി പ്രമുഖർ പോസ്റ്റിനുകീഴിൽ കമൻറ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായതിന് നന്ദിയുണ്ടെന്നും സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയ്ക്ക് ഇതേ ആരോപണത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടാകുമെന്നും നടി ഐശ്വര്യലക്ഷ്മി എഴുതി. ഈ സിനിമയുമായി സഹകരിച്ച മറ്റുപലർക്കും ഇത്തരം ദുരനുഭവമുണ്ടായതായും കമൻറുകളിൽ ആരോപണമുയരുന്നുണ്ട്.
അതേസമയം, വിവേചനം കാണിച്ച സംവിധായികയുടെ പേര് പറയാത്തതിനെ ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ചിത്രം മൂത്തോൻ ആണെന്നും സംവിധായിക ഗീതുമോഹൻദാസ് ആണന്നുമാണ് മറ്റുചിലർ കമൻറ് ചെയ്തിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.
അതോടൊപ്പം എെൻറ അസിസ്റ്റൻറ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എെൻറ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.
സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.
അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്‍റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിെൻറയും വളർച്ച കൂടി ഒന്നു പരിഗണിക്കാം...
വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.
2015 ല്‍ എന്‍റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.