കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ടേക്ക് ഓഫി'ന് ആശംസകളുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മധ്യത്തിൽ നിന്നും മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിച്ച സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' സിനിമ, ഭീകരതക്കെതിരേ മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . 'ടേക്ക് ഓഫി'ന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.
ഇറാഖിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെ തിരിച്ചു കൊണ്ചുവരിക എന്നത് യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖ് ഗവൺമെന്റിൽനിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആർക്കും ഇല്ലായിരുന്നു. അവിടത്തെ ഗവൺമെന്‍റിനെ മുട്ടുകുത്തിക്കുവാൻ എന്തും ചെയ്യുവാൻ മടിക്കാത്ത ഭീകരിൽനിന്നും മലയാളി നേഴ്സുമാരെ ഒരു പോറൽ പോലും ഏൽക്കാതെ നാട്ടിൽ എത്തിച്ചപ്പോള് മാത്രമാണ് എല്ലാവർക്കും ആശ്വാസമായത്. അതിനു തൊട്ടുമുൻപ് ഭീകരർ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂർവം സ്മരിക്കുന്നു.കേന്ദ്ര ഗവമെന്‍റ് പ്രത്യേകം ക്രമീകരിച്ച സ്പെഷ്യൽ ഫ്ളൈറ്റ് 34 മലയാളി നേഴ്സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ ലാന്ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള് മുള്മുനയില് നി മലയാളികൾക്ക് സമാധാനമായതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രം 24ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹന്ലാൽ, ദുൽക്കർ സൽമാൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിന്റെ ട്രെയിലർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു. മലയാളി നഴ്സുമാരുടെ ജീവിതകഥ പറയുന്ന ചിത്രം ഫിലിം എഡിറ്ററായിരുന്ന മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്റെ സഹകരണത്തോടെ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്റോ ജോസഫും ഷെബി ബക്കറുമാണ് ചിത്രം നിർമിക്കുന്നത്. മേഘ രാജേഷ് പിള്ളയാണ് എക്സിക്യുട്ടീവ് പ്രൊഡ്യുസർ. സംഗീതം: ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം: ഗോപി സുന്ദർ, കാമറ: സാനു ജോൺ വർഗീസ്, സ്റ്റിൽസ് ലെബിസൻ ഗോപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.