കൊച്ചി: വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ നടി അമല പോൾ ജനുവരി 15ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ഹൈകോടതി. രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനുമിടയിൽ ൈക്രംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ട് അമല പോൾ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഉത്തരവ്.
അമല പോൾ ബംഗളൂരുവിൽനിന്ന് വാങ്ങിയ മെഴ്സിഡസ് ബെൻസ് കാർ 2016 ആഗസ്റ്റ് ഒമ്പതിനാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന നടി വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
നികുതി തട്ടിച്ചെന്ന ആരോപണം ശരിയല്ലെന്നും വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകൾ വ്യാജമല്ലെന്നുമാണ് നടിയുടെ വാദം. പുതുച്ചേരിയിലെ സെൻറ് തെരേസാസ് സ്ട്രീറ്റിലെ വീടിെൻറ താഴത്തെ നില താൻ ആഗസ്റ്റ് ഒന്നു മുതൽ വാടകയ്ക്കെടുത്തിട്ടുണ്ട്. പുതുച്ചേരിയിൽ പോകുമ്പോഴൊക്കെ ഇവിടെയാണ് താമസമെന്ന് വാടക കരാർ ഹാജരാക്കി വ്യക്തമാക്കിയിരുന്നു. 5500 രൂപയാണ് വാടക. ഡെപ്പോസിറ്റായി 25,000 രൂപയും നൽകി. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇൗ കാറിൽ സിനിമ ഷൂട്ടിങ്ങിന് പോകുന്നുണ്ടെന്നും നടി കോടതിയെ അറിയിച്ചു.
ആവശ്യമെങ്കിൽ നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കാമെന്ന നിർദേശത്തോടെയാണ് 15ന് ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിെൻറ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അറിയിക്കണം. ഹരജിക്കാരി അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.