കൊച്ചി: മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടിമാർക്ക് നേരെയുണ്ടാവുന്ന ലൈംഗിക അതിക്രമങ്ങളടക്കം പരാതികൾ കൈകാര്യം ചെയ്യാൻ ‘അമ്മ’ സംഘടനക്കകത്ത് സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഹൈകോടതിയിൽ. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന സുപ്രീംകോടതി വിധി മലയാളം സിനിമ താരങ്ങളുടെ സംഘടനയില്‍ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യു.സി.സിക്ക് വേണ്ടി ഭാരവാഹികളായ പത്മപ്രിയയും റിമ കല്ലിങ്കലും ഹരജി നൽകിയിരിക്കുന്നത്.
ഒേട്ടറെ ദുരനുഭവങ്ങൾ സിനിമ മേഖലയിലുള്ള വനിതകൾക്ക് നേരിടേണ്ടി വരുന്നതായി ഹരജിയിൽ പറയുന്നു. ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ ദിനംപ്രതി ഉണ്ടാകുന്നുണ്ട്. എന്നാൽ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ചടക്കമുള്ള പരാതികൾ പരിഗണിക്കാനോ പരിഹാരമുണ്ടാക്കാനോ മറ്റ് നടപടിക്രമങ്ങൾ സ്വീകരിക്കാനോ സംഘടനക്കകത്ത് സംവിധാനങ്ങളില്ല. അതിനാൽ, ഇരയാവുന്നവർ നിസ്സഹായാവസ്ഥയിലാണ്. ‘അമ്മ’യുടെ നടപടി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാൻ 2013ല്‍ പാര്‍ലമെൻറ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. സുപ്രീം കോടതി ഉത്തരവുകളുമുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് ഗില്‍ഡും സ്ക്രീന്‍ റൈറ്റേഴ്സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപവത്കരിച്ചു കഴിഞ്ഞു. എന്നിട്ടും ‘അമ്മ’ ഭാരവാഹികള്‍ സ്വേച്ഛാപരമായാണ് ഇടപെടുന്നത്.
ഒരു സിനിമ നിര്‍മാണത്തിനിെട നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് നൽകുന്ന പരാതി ആ സിനിമയുടെ ചിത്രീകരണം കഴിയുന്നതോടെ ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യം സംഘടനയിൽ നിലനിൽക്കുന്നത് കോടതി പ്രത്യേകം പരിശോധിക്കണം. തുടർന്ന് പൊതുസമ്മതരായ വ്യക്തികളടങ്ങുന്ന പ്രത്യേക സമിതി രൂപവത്കരിച്ച് ‘അമ്മ’ക്കകത്തെ പരാതി പരിഹാര സംവിധാനമെന്ന നിലയിൽ നിലനിർത്താൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
ഡബ്ല്യു.സി.സിക്ക് സർക്കാർ പിന്തുണ –മന്ത്രി ശൈലജ തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ വിമൻ കലക്ടിവ് ഇൻ സിനിമ (ഡബ്ല്യു.സി.സി)യെ സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡബ്ല്യു.സി.സി സഹായം തേടിയിട്ടുണ്ട്. അതിനെ വനിത, ശിശു വികസന വകുപ്പ് പിന്തുണക്കും. സമത്വം ഇല്ല, പീഡനങ്ങൾക്കിരയാകുന്നു, അത് പറയാൻ ഇടവും പരിഹരിക്കാൻ സംവിധാനവുമാണ് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടത്. നടപടി ഉറപ്പാക്കുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കെ.പി.എ.സി ലളിതയുടെ നിലപാടിനോട് സർക്കാറിന് യോജിപ്പില്ല. അവർ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ല. ലളിത സിനിമ വ്യവസായവുമായി ബന്ധപ്പെട്ട സംഘടനയിൽ അംഗം കൂടിയാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടൽ ശക്തമാക്കാൻ വനിത-ശിശു വികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഇേൻറണൽ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും രൂപവത്കരിക്കണം. സംസ്ഥാനത്ത് നിയമത്തിന് കരട് ചട്ടങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന് ഉടൻ അംഗീകാരം നൽകും. ലോക്കൽ കമ്മിറ്റി രൂപവത്കരിക്കാൻ െഎ.സി.ഡി.എസുമായി ബന്ധപ്പെട്ട 258 സി.ഡി.പി.ഒമാരെ നോഡൽ ഒാഫിസർമാരായി നിയമിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സിനിമയിൽ ഇേൻറണൽ കമ്മിറ്റി ഉണ്ടായിരിക്കണം. കമ്മിറ്റി രൂപവത്കരിക്കാൻ തടസ്സമുണ്ടെങ്കിൽ സർക്കാർതല പരാതി സെൽ രൂപവത്കരിക്കുന്നതിന് നിയമോപദേശം തേടിയിട്ടുണ്ട്. ജീവനക്കാരുള്ള പാർട്ടി ഒാഫിസുകളിൽ കമ്മിറ്റി രൂപവത്കരിക്കാം. ഇത്തരം പ്രശ്നങ്ങളിൽ രാഷ്ട്രീയ പാർട്ടിക്കകത്ത് നൽകുന്ന പരാതിക്ക് നടപടി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ, വകുപ്പിന് പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബി. ഉണ്ണികൃഷ്ണനും ഷെറിൻ സ്റ്റാൻലിക്കുമെതിരെ പൊലീസിൽ പരാതി കൊച്ചി: പീഡനത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അതിൽ നിയമനടപടികൾ കൈക്കൊണ്ടില്ല എന്നാരോപിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയും കുറ്റാരോപിതനായ ഷെറിൻ സ്റ്റാൻലിക്കുമെതിരെയും കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബിൽ വിമൻ ഇൻ സിനിമ കലക്ടിവ് ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽ അർച്ചന പത്മിനി എന്ന സിനിമ പ്രവർത്തക തനിക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമം ഷെറിൻ സ്റ്റാൻലി എന്ന ഒരു െപ്രാഡക്ഷൻ സഹായിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് പരാതി. ഇയാൾക്കെതിരെ നടപടിെയടുക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രേഖാമൂലം പരാതി നൽകിയിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.