കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയിൽ നിന്ന് രംഗത്തെത്തിയവർക്കെതിരെ സംവിധായകൻ ആഷിക് അബുവിന്‍റെ ഫേസ്ബുക് പോസ്റ്റ്. നടനും സംവിധായകനുമായ ശ്രീനിവാസനെയും സെബാസ്റ്റ്യൻ പോളിനെയും പേരെടുത്തു പറഞ്ഞാണ് ആഷിക് അബു വിമർശിക്കുന്നത്.
ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് താനും കരുതിയത് എന്ന് ആഷിക് അബു പറയുന്നു. എന്നാൽ പൊലീസ് എല്ലാ അണിയറ നാടകങ്ങളും പൊളിച്ചെറിഞ്ഞു. വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കുമെന്നും ഇത് കേരളം ചർച്ച ചെയ്യണമെന്നും ഇടപെടണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു. ഞങ്ങൾ അവൾക്കൊപ്പം മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതിൽ സംശയം വേണ്ട ശ്രീ സെബാസ്റ്യൻ പോൾ. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ.
#അവൾക്കൊപ്പം
#അവൾക്കൊപ്പംമാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.