മുംബൈ: വാല്മീകി മഹർഷിയെ അപമാനിച്ചെന്ന കേസിൽ ലുധിയാന കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച ബോളിവുഡ് നടി രാഖി സാവന്ത് പഞ്ചാബ് പൊലീസിന് മുമ്പാകെ കീഴടങ്ങിയെന്ന് നടിയുടെ വക്താവ്. എന്നാൽ, മേൽവിലാസത്തിൽ നടിയെ കണ്ടെത്താൻ കഴിയാഞ്ഞതോടെ പൊലീസ് സംഘം വെറുംകൈയോടെ മടങ്ങിയെന്ന് ലുധിയാന പൊലീസ് ഡെപ്യൂട്ടി കമീഷണർ ധർമൻ നിമ്പാലെയും അവകാശപ്പെടുന്നു. ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് സംഘം അന്ധേരിയിലെ മേൽവിലാസത്തിൽ നടിയെ അന്വേഷിച്ചെത്തിയതെന്നും നടിയുടെ വീടല്ലെന്ന് താമസക്കാർ പറഞ്ഞതോടെ പൊലീസ് സംഘം മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, താൻ കീഴടങ്ങിയതായി വാട്സ്ആപ്പിലൂടെ രാഖി സാവന്ത് അറിയിച്ചതായാണ് നടിയുടെ വക്താവ് പാറുൽ ചാവ്ല അവകാശപ്പെടുന്നത്.
2016 ജൂലൈയിലാണ്, ചാനൽ അഭിമുഖത്തിനിടെ രാഖി സാവന്ത് വാല്മീകിയെ അപമാനിച്ചെന്ന് ആരോപിച്ച് അഭിഭാഷകൻ നരിന്ദർ അഡിയ പരാതി നൽകിയത്. നേരേത്ത കോടതി സമൻസ് പുറപ്പെടുവിച്ചെങ്കിലും നടി ഹാജറായില്ല. തുടർന്നാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. രാമായണം രചിക്കുംമുമ്പ് വാല്മീകി കൊലയാളിയായിരുന്നു എന്നതാണ് വിവാദ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.