കപ്പേള എന്ന ഒ.ടി.ടി ഹിറ്റിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററിലും സാമൂഹ്യ മാധ്യമങ്ങളിലും ലഭിക്കുന്നത്. എങ്കിലും കപ്പേളയെ പോലെ നിർഭാഗ്യം ഈ ചിത്രത്തെയും ബാധിക്കുമോ എന്ന ഭയം നടി മാലാ പാർവതിക്കുണ്ട്. വലിയ ചിത്രങ്ങളോട് മത്സരിക്കുമ്പോൾ ഈ പടം ആളുകൾ മറന്നുപോകുമെന്നാണ് അവർ പറയുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മാലാ പാർവതി കൂട്ടിച്ചേർക്കുന്നുണ്ട്.
'ഹൃദയം നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഞാൻ. രമാ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് മാത്രമല്ല, ഒരു ബ്രില്ലിയൻറ് ടീമിനൊപ്പമാണ് എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. മുസ്തഫയുടെ ആദ്യ സിനിമയായ കപ്പേള രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിറഞ്ഞു നിന്ന് ഹിറ്റടിക്കാൻ എത്തുമ്പോഴാണ് കോവിഡ് വന്ന് തിയേറ്ററുകൾ അടക്കുന്നത്. അത് കഴിഞ്ഞ് ഇത്രയും വർഷമെടുത്താണ് മുറ തിയേറ്ററിൽ എത്തുന്നത്. കപ്പേളയുടെ നിര്‍ഭാഗ്യം മുറയ്ക്ക് ഉണ്ടാകരുത് എന്ന് ആഗ്രഹമുണ്ട്.
ഓഡിഷനിൽ വന്ന കുട്ടികളല്ല ഇവർ ഇറങ്ങി തപ്പിയെടുത്ത നാല് മുത്തുകളാണ് ആ സിനിമയിൽ ഉള്ളത്. എല്ലാം പുതിയ പിള്ളേർ ആണ്. ആളുകൾക്ക് അവരുടെ പേരുകൾ അറിയില്ല എന്നാലും നെഞ്ചോട് ചേർക്കുന്നുണ്ട്. എന്റെ ഒരു ആശങ്ക എന്തെന്ന് വെച്ചാൽ വലിയ സിനിമകൾക്കിടയിലാണ്ണ് ഈ കുഞ്ഞു ചിത്രം മത്സരിക്കുന്നത്. ഇനി സൂര്യയുടെ കങ്കുവ കൂടി വന്നാൽ ഈ സിനിമ ആരും അറിയാതെ പോകും. അതിലാണ് എനിക്ക് സങ്കടം,' മാലാ പാർവതി പാർവതി പറഞ്ഞു.
ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടും മാല പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മുറ തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുറയുടെ രചന നിര്‍വഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.