കൊച്ചി: ന്യൂയോർക് ഇന്ത്യൻ ചലച്ചിത്രമേളയിൽ (എൻ.വൈ.ഐ.എഫ്.എഫ്) മികച്ച നടനായി നിവിൻ പോളിയും മികച്ച ചിത്രമായി മൂത്തോനും തെരഞ്ഞെടുക്കപ്പെട്ടത് സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ആഘോഷമാകുമ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഒരു പെൺകുട്ടിയും നമുക്കിടയിലുണ്ട്.
ആദ്യചിത്രത്തിൽ തന്നെ നേട്ടം സ്വന്തമാക്കിയ ഗാർഗി അനന്തൻ എന്ന നാടക വിദ്യാർഥിനി. ജെ. ഗീത സംവിധാനം ചെയ്ത 'റൺ കല്യാണി' എന്ന ചിത്രത്തിൽ കല്യാണിയെന്ന 20 വയസ്സുള്ള വീട്ടുജോലിക്കാരിയുടെ വേഷം ഏറെ കൈയടക്കത്തോടെ അവതരിപ്പിച്ചാണ് ഗാർഗി പുരസ്കാരം സ്വന്തമാക്കിയത്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദപഠനം പൂർത്തിയാക്കാനിരിക്കെ തേടിയെത്തിയ കല്യാണിയെന്ന കഥാപാത്രത്തെ അതിെൻറ ആത്മാവും ഉടലും ഉൾക്കൊണ്ടാണ് ഗാർഗി തിരശ്ശീലയിെലത്തിച്ചത്.
നേരത്തേ കൊൽക്കത്ത ചലച്ചിത്രമേളയിൽ പ്രത്യേക പരാമർശത്തിന് അർഹയാകുകയും ബംഗളൂരുവിൽ ഉൾെപ്പടെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഈ പുരസ്കാരം പ്രതീക്ഷിച്ചതല്ലെന്നും ഏറെ സന്തോഷമുണ്ടെന്നും ഗാർഗി 'മാധ്യമ'ത്തോട് പറഞ്ഞു.
ഓരോ വീടുകളിലും മാറിമാറി ജോലിചെയ്യുന്ന കല്യാണിയുടെ നാലു ദിവസത്തെ ജീവിതമാണ് റൺ കല്യാണി ചിത്രീകരിക്കുന്നത്. നാലാം ദിവസം കാര്യങ്ങളാകെ മാറിമറിയുന്നു.
''ഒരുപാട് സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നയാളാണ് കല്യാണി. വീടകങ്ങളിൽ സ്ത്രീ നേരിടുന്ന അതിക്രമങ്ങളും അവരുടെ ജീവിതങ്ങളുമെല്ലാം റൺ കല്യാണി വരച്ചിടുന്നുണ്ട്'' -സിനിമയെക്കുറിച്ച് ഗാർഗിയുടെ വാക്കുകൾ.
പോണ്ടിച്ചേരി സർവകലാശാലയിൽ തിയറ്റർ ആർട്സ് പി.ജി വിദ്യാർഥിനിയായ ഗാർഗി ചെറുപ്പം മുതലേ നാടകമേഖലയിൽ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലൂടെയാണ് അഭിനയം തന്നെയാണ് തെൻറ മേഖലയെന്ന് തിരിച്ചറിയുന്നത്.
ആദ്യചിത്രത്തിനുശേഷം കെ.പി. കുമാരൻ സംവിധാനം ചെയ്ത കുമാരനാശാെൻറ ജീവിതചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിെൻറ ഭാര്യ ഭാനുമതിയായും വേഷമിട്ടു.
പുതിയ സിനിമകൾ േതടിയെത്തുന്നുണ്ടെങ്കിലും പഠനത്തെ ബാധിക്കാത്ത വിധം ശ്രദ്ധേയമെന്നു തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഗാർഗിയുടെ ആഗ്രഹം. തിരുവനന്തപുരം പൂങ്കുളത്താണ് വീട്. കുർദിസ്താനിൽ ജോലി ചെയ്യുന്ന അനന്തനും മേരിയാനുമാണ് മാതാപിതാക്കൾ. വിനായക് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.