'പിന്നെയും' -ഒരു മഹാ ചലച്ചിത്രകാരന്‍െറ പതനം

താരപ്രധാനമായ വാണിജ്യ സിനിമകള്‍ക്കും കാഴ്ചയുടെ ഒരു മാധ്യമമായി അതിനെ കാണാതെ സാഹിത്യകൃതികളെ ദൃശ്യഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന യാന്ത്രിക സൃഷ്ടികള്‍ക്കുമപ്പുറം, സിനിമയുടെ തനതായ വ്യാകരണം മലയാളികള്‍ക്കും വിദേശികള്‍ക്കും കാണിച്ചു കൊടുത്ത മഹാനായ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമക്ക് മാത്രം സഹജമായ ബിംബകൽപനകള്‍കൊണ്ട് എങ്ങിനെ ഒരു അനുഭവത്തെ ആവിഷ്കരിക്കാമെന്ന് അദ്ദേഹത്തിന്‍െറ ആദ്യകാല സിനിമകള്‍ കാട്ടിത്തരുന്നു. സാങ്കേതികവിദ്യക്ക് പ്രാമുഖ്യമുള്ള ഒരു മാധ്യമവുമായിരിക്കേ തന്നെ, വിവിധ കലാരൂപങ്ങളുടെ സങ്കലനമായിരിക്കേ തന്നെ എങ്ങനെയാണ് അത് സംവിധായകന്‍െറ കലയായി തീരുന്നതെന്നും അദ്ദേഹം തെളിയിച്ചു.

60കളുടെ മധ്യത്തില്‍ അടൂരിനെയും മറ്റു ചലചിത്ര പ്രമുഖരുടെയും സാരഥ്യത്തില്‍ രൂപംകൊണ്ട ചിത്രലേഖ ഫിലിം സൊസൈറ്റി ഗ്രാമങ്ങളിലടക്കം അനേകം ഫിലിം  സൊസൈറ്റികൾക്ക് ബീജാവാപം നടത്തുകയും വിദേശ സിനിമകളെയും പുതിയ അഭിരുചികളെയും കേരളത്തിലേക്ക് ആനയിക്കുകയും ചെയ്തു. പത്മഭൂഷണ്‍, പത്മശ്രീ മുതലായ ഉന്നത ബഹുമതികള്‍കൊണ്ട് രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ഫ്രഞ്ച് സര്‍ക്കാരിന്‍െറ പ്രത്യേക പുരസ്കാരങ്ങളുമടക്കം അനേകം ചലച്ചിത്ര മേളകളില്‍ അദ്ദേഹത്തിന്‍െറ ചലച്ചിത്രങ്ങള്‍ വിജയശ്രീലാളിതമായി.

ഇങ്ങനെയൊക്കെ നമ്മുടെ ദേശത്തിന്‍െറയും സംസ്കാരത്തിന്‍െറയും അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന്‍െറ ഒരോ സിനിമകളും വളരെ പ്രതീക്ഷയോടെയും അഭിമാനബോധത്തോടെയുമാണ് മലയാളികള്‍ കാണാന്‍പോകുന്നത്. ദിലീപ്, കാവ്യ മാധവന്‍ ജോടികളെ മുഖ്യകഥാപാത്രങ്ങളാക്കി ‘വെറുമൊരു പ്രണയകഥയല്ല’ എന്ന സബ് ടൈറ്റിലില്‍ ‘പിന്നെയും’ എന്ന അദ്ദേഹത്തിന്‍െറ സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോഴും, മലയാളി സിനിമാസ്വാദകന്‍െറ മനോഗതിയും മറ്റൊന്നായിരുന്നില്ല. പക്ഷേ ഈ സിനിമ അവരെ ഓരോരുത്തരെ സംബന്ധിച്ചും നിരാശയുടെ പടുകുഴിയിലേക്ക് പതിക്കുന്ന അനുഭവമായിരുന്നു.

മഹാന്മാരായ കലാകാരന്മാര്‍ക്ക് ജീവിക്കുന്ന കാലത്തോട് സംവദിക്കാനുള്ള കഴിവും തങ്ങളുടെ രൂപത്തെ പരിഷ്കരിക്കാനുള്ള വന്ധ്യതയും സംഭവിച്ചാല്‍ അത് എത്രയും പരിഹാസമാകും എന്നതിന്‍െറ ഏറ്റവും വലിയ ദൃഷ്ടാന്തം. സന്തുഷ്ടമായ പ്രേമവിവാഹവും തുടര്‍ന്ന് ഭാര്യാവീട്ടില്‍ അവളുടെ ചിലവിലേക്കുള്ള ജീവിതവും തൊഴില്‍രഹിതനായ യുവാവിന് ദാമ്പത്യത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്നു. മനംനൊന്ത് ഗള്‍ഫിലേക്ക് ഉപജീവനാര്‍ഥം പോകുന്ന അയാള്‍ പണാര്‍ത്തി മൂത്ത് വലിയ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ‘സുകുമാരക്കുറുപ്പ്’ മോഡലില്‍ ഒരു കൊല ആസൂത്രണം ചെയ്യുകയും അത് നടത്തി അപ്രത്യക്ഷമാകുകയും ചെയ്യുന്നതാണ് കഥയുടെ കാതല്‍.

അടൂര്‍സിനിമകളില്‍ സുപരിചതമായ ഫ്യൂഡല്‍ കൂട്ടുകുടുംബ വ്യവസ്ഥയും സവര്‍ണസംസ്കാരവും, ജീര്‍ണ പരിസരങ്ങളുമൊക്കെ ഇതിലും ആവര്‍ത്തിക്കുന്നുവെങ്കിലും ‘എലിപ്പത്തായ’വും ‘അനന്തര’വും ‘മുഖാമുഖ’വുമൊക്കെ പ്രദാനം ചെയ്ത അപൂര്‍വ ദൃശ്യാനുഭവങ്ങള്‍ ഒരിടത്തുപോലും പ്രത്യക്ഷമാകുന്നില്ല. ജീവന്‍ തുടിക്കുന്ന ഒരു സീന്‍ പോലും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാതെയാണ് സിനിമ തീരുന്നത്.

കഥാസംഭവങ്ങളുടെ കാലം പോലും പഴയതാണ്. അറുപതുകളില്‍ ശക്തമായ ഗള്‍ഫ് കുടിയേറ്റവും പ്രവാസജീവിതം വരുത്തിവെച്ച ബന്ധങ്ങളിലെ ശൈഥില്യവുമൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് എത്രയോ മുന്‍പ് എത്രയോ തവണ കഥകളിലും ചലച്ചിത്രങ്ങളിലും സ്ഥാനം പിടിച്ചിരിക്കുന്നു. അതുയര്‍ത്തിയ സാമൂഹ്യ സമ്മര്‍ദങ്ങളും പഠന വിധേയമായിരിക്കുന്നു. ഇവയില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ ‘പിന്നെയും’ വെളിവാക്കുന്നില്ല.

ഉന്നതകുലജാതനും അഭ്യസ്തവിദ്യനും തൊഴില്‍ രഹിതനുമായ പുരുഷോത്തമന്‍ നായര്‍ ‘ദേവി’യെ പ്രണയിച്ച് അവളുടെ വീട്ടില്‍ കുടിപാര്‍ക്കുന്നു. സാത്വികനായ ഭാര്യാപിതാവും മറ്റൊരു ബന്ധുവും കൂടെയുണ്ട്. ഡിക്റ്ററ്റീവ് നോവലുകള്‍ വായിച്ച് നേരം തള്ളി നീക്കുന്ന പുരുഷോത്തമന്‍ ഭാര്യയുടെ ടീച്ചര്‍ പണിയില്‍നിന്നും ഭാര്യപിതാവിന്‍െറ പെന്‍ഷനില്‍ നിന്നും കിട്ടുന്ന വരുമാനത്തെ ഉപജീവിച്ചാണ് കഴിയുന്നത്. ആശ്രിതജീവിതം കുടുംബത്തിനുള്ളില്‍ അപമാനം വരുത്തിവെച്ചപ്പോള്‍ അയാള്‍ ഗള്‍ഫിലേക്ക് തൊഴില്‍തരപ്പെടുത്തുകയും ഉയര്‍ന്ന ജോലിയില്‍ ചെന്നെത്തുകയും ചെയ്യുന്നു. ലീവിനു നാട്ടിലെത്തുന്ന അയാള്‍ക്ക് തനിക്ക് പുതിയതായ് ഉണ്ടായ നിലയും വിലയും ചിന്തിച്ചതിനപ്പുറമായിരുന്നു. പിരിവിനായ് എത്തുന്ന അമ്പലകമ്മിറ്റിക്കാരും വിരുന്നിന് ക്ഷണിക്കുന്ന ബന്ധുക്കളും പണത്തിന്‍െറ മാന്ത്രികശക്തി അയാള്‍ക്ക് വെളിവാക്കി കൊടുക്കുന്നു.

പുരുഷോത്തമന്‍െറ ഗള്‍ഫ് ജീവിതം ഒന്നോ രണ്ടോ പാൻ ഷോട്ടുകളിലേക്ക് ചുരുക്കുകയും പുതുപണക്കാരനെന്ന നിലയിലുള്ള അയാളുടെ പരിണാമം കണ്ടുമടുത്ത ‘ക്ലീഷേ’കള്‍ കൊണ്ട് നിറക്കുകയും ചെയ്തിരിക്കുന്നു. പ്രവാസ ജീവിതത്തിന്‍െറ വേദനകള്‍ ആവിഷ്കരിക്കുന്നത് ദമ്പതികള്‍ എഴുതുന്ന കത്തുകളുടെ നാടകീയതയും ജാര്‍ഗണുകളും നിറഞ്ഞ മോണോലോഗുകളിലൂടെയാണ്. സ്കൈപ്പും സോഷ്യല്‍ മീഡിയയും ഇന്ന് ലോകത്തില്‍ എവിടെയും ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നു എന്ന പുതു കാലയുക്തി പോലും സംവിധായകന്‍െറ തലയില്‍ ഉദിക്കുന്നില്ല.


പണാര്‍ത്തി കൊണ്ട് പൊറുതിമുട്ടിയ നായകന്‍ വലിയ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതും അതിന് തന്‍െറ ഭാര്യാപിതാവിനേയും ബന്ധുവിനെയും കൂട്ടി തയാറെടുക്കുന്നതുമാണ് ആദ്യ പകുതിയില്‍ നാം കാണുന്നത്.

സാത്വികനായ ഭാര്യാപിതാവ് ഈ തിരുമാനത്തോട് യോജിക്കുകയും പങ്കാളിയാവുകയും ചെയ്തത് എങ്ങനെയെന്ന ചോദ്യം സിനിമയുടെ നരേഷനില്‍ വലിയ അസംബന്ധമായി അവശേഷിക്കുന്നു. ഇതു കേൾക്കുമ്പോള്‍ ആദ്യം ദേവി ഞെടുങ്ങുകയും അവളും പിന്നീട് യോജിപ്പിലെത്തുന്നത് എങ്ങനെയെന്നത് അവിശ്വസനീയമായി കഥയിൽ അവശേഷിക്കുന്നു. ശുദ്ധ പദ്ധതി പ്രകാരം വീണുകിട്ടിയ ഇരയെ കഴുത്തു ഞെരിച്ച് കാറിലിട്ട് ഡിക്കിയില്‍ വൈക്കോല്‍ വിതറി പെട്രോള്‍ കൊളുത്തി ചാരമാക്കുന്നത് മിമിക്രി പരേഡിലെ കോമളിരംഗം പോലയൊണ്. കാരണം അത്രക്ക് വികാരരഹിതവും ഭാവോദ്ദീപനം ഉണ്ടാക്കുന്നതാണ് ഈ സീനുകള്‍.

ദിലീപിന്‍െറ നായകകഥാപാത്രം സിനിമയിലുടനീളം നിര്‍ജീവമാണ്. കാവ്യമാധവന്‍െറ ദേവിയിലാണ് അൽപം പോലും ഭാവസ്ഫുരണങ്ങള്‍ പ്രകടമാകുന്നത്. നെടുമുടിവേണുവിന്‍െറ ഭാര്യാപിതാവ് കണ്ടുമടുത്ത ടൈപ്പ് കഥാപാത്രം മാത്രമാണ്. ഇന്ദ്രന്‍സിന്‍െറ കുട്ടന്‍ എന്ന കഥാപാത്രം ആ നടന്‍െറ ഭാവചേഷ്ടകളില്‍ ഇണങ്ങുന്നതാകയാല്‍ വിജയിച്ചിരിക്കുന്നു.

തന്‍െറ ആദ്യകാല സിനിമകളെ ആവിഷ്കാരഭംഗികളുടെ ഉത്തംഗതലത്തിലേക്ക് ഉയര്‍ത്തുകയും പരീക്ഷണങ്ങളിലൂടെ ചലനാത്മകമാക്കുകയും ചെയ്ത അടൂര്‍ അതിനുശേഷം ലോകസിനിമയില്‍ ഉണ്ടായ സ്ഫോടനാത്മകമായ മാറ്റങ്ങളെക്കുറിച്ചോ ജീവിത പരിസരങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോ അറിയാതെ പഴയകാലത്തിന്‍െറ തടവറയില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് 'പിന്നെയും' എന്ന സിനിമ നമ്മളെ തോന്നിപ്പിക്കുന്നത്. ‘വിധേയന്‍’ എന്ന സിനിമക്കു ശേഷം ഉള്ളുണര്‍ത്തുന്ന അനുഭവങ്ങള്‍ അദ്ദേഹത്തിനു നല്‍കാനായോ എന്ന ചോദ്യത്തോടൊപ്പം പിന്നീട് ഇറങ്ങിയഓരോ സിനിമയും താഴോട്ടുള്ള കല്പടവുകളായി മാറുന്നില്ലേ എന്ന ശങ്കയും നിലനില്‍ക്കുന്നു.



നമ്മുടെ സംസ്കാരത്തിലെ ഒരു ബൗദ്ധികവിഗ്രഹവും പലതരം ജ്ഞാനാധികാരങ്ങള്‍ കൈയ്യാളുന്ന വ്യക്തിയുമാണ് അടൂർ ഗോപാലകൃഷ്ണൻ, അതിനാല്‍ തന്നെ പത്രങ്ങളിലും ബ്ലോഗുകളിലും ഈ സിനിമയെക്കുറിച്ച് സത്യസന്ധമായി ആസ്വാദക്കുറിപ്പെഴുതാന്‍ ആളുകള്‍ക്കു വൈമനസ്യമുള്ള ഭയക്കുന്ന പോലെയോ ഒട്ടേറെ റിവ്യൂകള്‍ വായിച്ചപ്പോള്‍ തോന്നി. പലരും ഈ വിഗ്രഹത്തോട് ഒട്ടിനില്‍ക്കാനുള്ള വ്യഗ്രതയില്‍ ഇതിനെ പുകഴ്ത്തുകയും ചെയ്തത് വളരെ സജീവമായി നിലകൊള്ളുന്ന നമ്മുടെ ചലച്ചിത്രാഭിരുചികളെയും ചര്‍ച്ചകളെയും പിന്നോട്ടടിച്ചിരിക്കുന്നു. സാംസ്കാരിക ലോകത്തെ ഒരു വിധ്വംസക പ്രവര്‍ത്തികളായ ഈ വൈതാളികരുടെ നിലപാടുകളെ കാണാന്‍ കഴിയൂ. ഉള്ളത് ഉള്ളതുപോലെ പറയുകയെന്നതാണ് നമ്മുടെ ചലച്ചിത്രാവബോധത്തെ ഇനിയും മുന്നോട്ട് കൊണ്ടു പോകാന്‍ ചെയ്യേണ്ടതായ സല്‍കര്‍മം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.