വിനീത് ശ്രീനിവാസന്‍റെ സിനിമാ നിർമാണത്തെ ‘വിനീത് സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ്’ എന്നാണ് അറിയപ്പെടുന്നത്. വിനീതിന്‍റെ കീഴിൽ സിനിമ ഒരുക്കിയ ജൂഡ് ആന്‍റണിയും ബേസിൽ ജോസഫുമെല്ലാം പിന്നീട് ആദ്യം ചിത്രം കൊണ്ട് തന്നെ ബോക്സ് ഒാഫീസ് ഇളക്കി മറിച്ചു. 'ആനന്ദ'ത്തിലൂടെ ഗണേഷ് രാജും ആ കീഴ്വഴക്കം തെറ്റിച്ചില്ല. പ്രേക്ഷകരെ ആനന്ദിപ്പിക്കാനുള്ള ചേരുവകൾ ചേർത്തൊരുക്കിയ മികച്ച എൻറർടെയിനറാണ് ചിത്രമെന്ന് തിയേറ്ററിലെ നിലക്കാത്ത കൈയ്യടികൾ സാക്ഷ്യം വഹിക്കുന്നു.
മലയാളത്തിൽ ക്യാമ്പസ് സിനിമകൾ കുറവാണ്. മോഹൻലാൽ തകർത്തഭിനയിച്ച സർവകലാശാല, ഭരതൻ സംവിധാനം ചെയ്ത ചാമരം, കുഞ്ചാക്കോയും ശാലിനിയും അഭിനയിച്ച നിറം, കമലിന്‍റെ നമ്മൾ, പൃഥ്വിരാജിന്‍റെ ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, പുതിയ മുഖം, വൈശാഖിന്‍റെ സീനിയേഴ്സ്, തെലുങ്കിൽ നിന്ന് മൊഴിമാറ്റം ചെയ്തെത്തിയ ഹാപ്പി ഡേയ്സ്, ന്യൂജനറേഷൻ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേമം എന്നിവയാണ് മലയാളത്തിലിറങ്ങിയ എടുത്തു പറയാനാവുന്ന ക്യാമ്പസ് ചിത്രങ്ങൾ. ഇവയിൽ കോളജ് ജീവിതത്തെ പൂർണമായും പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ കുറവായിരുന്നു എന്ന് തന്നെ പറയാം.
സർവലാശാല, ക്ലാസ്മേറ്റ്സ്, പ്രേമം എന്നീ ചിത്രങ്ങൾ ഒരു പുതിയ ട്രെൻഡ് തന്നെ കൊണ്ടുവന്നവയായിരുന്നു. കോളജുകളിൽ പൂർവ വിദ്യാർഥി സംഗമം വ്യാപകമാക്കിയതിന് പിന്നിൽ ക്ലാസ്മേറ്റ്സിന് വലിയ പങ്കുണ്ട്. ഹാപ്പി ഡേയ്സ് തെലുങ്ക് മൊഴിമാറ്റ ചിത്രമാണെങ്കിലും അക്കാലത്ത് പ്രേക്ഷകർ ഈ ചിത്രത്തെയും സ്വീകരിച്ചു. എഞ്ചിനീയറിങ് വിദ്യാർഥികളുടെ കഥ തന്നെയാണ് ഹാപ്പി ഡേയ്സും പറഞ്ഞത്.
വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിക്കുന്ന ഒരു ചിത്രമെന്ന പ്രത്യേകതയും ആനന്ദത്തിനുണ്ടായിരുന്നു. അതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ആനന്ദത്തിനായി കാത്തിരുന്നത്. ഈ പ്രതീക്ഷ ഗണേഷ് രാജ് തെറ്റിച്ചില്ല. പുതുമുഖങ്ങളെ വെച്ച് ഒരു സിനിമയൊരുക്കിയ ഗണേഷിന്‍റെ കൈയ്യിൽ നിന്നും ചിത്രം വഴുതിപ്പോയില്ല എന്ന് നിസംശയം പറയാം.
എഞ്ചിനീയറിങ് വിദ്യാർഥികൾ നടത്തുന്ന ഇൻഡസ്ട്രിയൽ വിസിറ്റിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇൻഡസ്ട്രിയൽ വിസിറ്റ് എന്ന് പറയുമെങ്കിലും അവർക്കത് വിനോദയാത്ര തന്നെയാണ്. സ്റ്റഡി ടൂർ എന്ന ബോർഡ് വെച്ച് വിനോദയാത്ര പോകുന്നത് പോലെ. നിരവധി എഞ്ചിനീയറിങ് വിദ്യാർഥികളുള്ള കേരളത്തിൽ അവർ മാത്രം ടിക്കറ്റെടുത്താൽ മതി ചിത്രം ഹിറ്റാകും. ഒരു കല്ലെടുത്ത് മുകളിലേക്കിട്ടാൽ അത് വീഴുന്നത് വല്ല ബി.ടെകുകാരന്‍റെയും തലയിലാണെന്ന് ഒരു സിനിമയിൽ സൗബിന്‍റെ കഥാപാത്രം പറയുന്നുണ്ട്. ഇതൽപം പരിഹാസമാണെങ്കിലും എഞ്ചിനീയറിങ് വിദ്യാർഥികൾ ആനന്ദത്തിനായി ഒന്നും നോക്കാതെ ടിക്കറ്റെടുക്കുമെന്ന് സംവിധായകൻ ഉറപ്പിച്ചിട്ടുണ്ടെന്ന് ചിത്രം കാണുമ്പോൾ മനസിലാവും. എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് തങ്ങളുടെ ജീവിതവുമായി വേഗത്തിൽ കണക്റ്റ് ചെയ്യാനാവുമെന്നതിൽ സംശയമില്ല. എന്ന് കരുതി ആർട്സ് വിദ്യാർഥികളെയും സിനിമ നിരാശപ്പെടുത്തില്ല. ഒാരോരുത്തരും നടത്തിയ കോളജ്, സ്കൂൾ ടൂറിലേക്ക് മടക്കയാത്ര നടത്താൻ ചിത്രത്തിനാവും.
പ്രണയം, വിരഹം, ആനന്ദം എന്നീ ഒാർമകളാണ് എല്ലാവർക്കും ക്യാമ്പസ്. ഈ ചേരുവകളെല്ലാം ആനന്ദത്തിലുണ്ട്. ഒരു ക്യാമ്പസിലെ സ്ഥിരം കഥാപാത്രങ്ങളെയും ആനന്ദത്തിൽ കാണാം. കൂട്ടുകാർക്ക് വേണ്ടി ജീവിക്കുന്ന കുപ്പി, കാമുകനായി അക്ഷയ്, പെൺകുട്ടികളുടെ ആരാധനാപാത്രമായ ഗൗതം, ഒാർനൈസർ വരുൺ ഇവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നാല് ദിവസം അവർ നടത്തുന്ന യാത്ര പ്രേക്ഷകനും അനുഭവിക്കാനാവുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ദിയ, ദേവിക എന്നീ നായികാ കഥാപാത്രങ്ങളും അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തങ്ങളുടെ ആദ്യ ചിത്രമാണെന്ന് തോന്നാത്ത തരത്തിലുള്ള പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചത്. ഇതിന്‍റെ മിടുക്ക് സംവിധായകന് അവകാശപ്പെട്ടതാണ്. കുപ്പിയായി വേഷമിട്ട വിശാഖ് നായരെ ഹാസ്യ കഥാപാത്രങ്ങൾ തേടി വരുമെന്നതിൽ സംശയമില്ല. വിനീത് സഹകരിക്കുന്ന സിനിമകളിൽ അദ്ദേഹം തന്നെ ഗസ്റ്റ് റോളുകളിൽ വരുന്ന പതിവുണ്ടായിരുന്നു. ഗോവയിലെ മലയാളി നടത്തുന്ന പാർട്ടി എന്ന് കേട്ടപ്പോൾ വിനീതായിരിക്കും ആ കഥാപാത്രമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ ഗണേഷ് 'തെറ്റിച്ചു'. എന്നാൽ, വളരെ കൃത്യമായ കാസ്റ്റിങ്ങായിരുന്നു അതെന്ന് അയാളെ സ്ക്രീനിൽ കാണുമ്പോൾ തിയേറ്ററിലുണ്ടായ ആർപ്പുവിളി വിളിച്ചു പറയുന്നുണ്ടായിരുന്നു. ദ്വയാർഥ പ്രയോഗങ്ങളൊന്നുമില്ലാത്ത ഹാസ്യം കൊണ്ട് കാണികളെ ചിരിപ്പിക്കാൻ ശ്രമിച്ച ഗണേഷിന്‍റെ ഡയലോഗുകളും ചിത്രത്തിന് മാറ്റു കൂട്ടുന്നുണ്ട്.
ട്രെയിലറും ടീസറും പോസ്റ്ററുമെല്ലാം പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് ഒരു ഫ്രഷ്നെസ് അനുഭവപ്പെട്ടിരുന്നു. ഇതേ ഫ്രഷ്നസ് സിനിമ തുടങ്ങി അവസാനം വരെ നിലനിർത്തുന്നുണ്ട്. പ്രേമത്തിലൂടെ ക്യാമറ കൊണ്ട് മാജിക് തീർത്ത ആനന്ദ് സി. ചന്ദ്രനാണ് പുതുമക്ക് പിന്നിൽ. ഹംപിയും ഗോവയും അവിടേക്കുള്ള യാത്രയുമെല്ലാം ഭംഗിയായി തന്‍റെ ക്യാമറയിൽ പകർത്തിവെച്ച കഴിവ് കണ്ടനുഭവിക്കേണ്ടത് തന്നെയാണ്. ആനന്ദ് ഛായാഗ്രഹണ മേഖലയിൽ ഇനിയും വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സചിൻ വാര്യരുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. പിന്നണി ഗാന രംഗത്ത് സുപരിചതനായ സചിന്‍റെ ആദ്യ സംഗീത സംവിധാനവും നിരാശപ്പെടുത്തിയില്ല. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട്. തട്ടത്തിൻ മറയത്തിലൂടെ അരങ്ങേറ്റം കുറിച്ച സചിനും വിനീത് സ്കൂളിനെ പറയിപ്പിച്ചില്ല. 'ആനന്ദ'മാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഈ ചിത്രത്തിന് തീർച്ചയായും ഒരു ടിക്കറ്റെടുക്കാവുന്നതാണ്.
പിൻകുറി: പ്രേമം പോലുള്ള ചിത്രങ്ങൾ കണ്ട് ഇതെന്ത് സിനിമയാണെന്ന് വിലയിരുത്തിയവർ ആനന്ദത്തിന് ടിക്കറ്റെടുക്കാത്തതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.