ഇരുപതാം നൂറ്റാണ്ട് വിറങ്ങലിച്ച പോയ ഏതാനും സംഭവങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് വിഭജനവും അനന്തര സംഭവങ്ങളും. ആ കയ്പ്നീര് കുടിക്കേണ്ടി വന്ന കവികൾ തങ്ങളുടെ വരികളിൽ കോരിയൊഴിച്ചത് വായനക്കാരുടെ, ശ്രോതാക്കളുടെ ഹൃദയരക്തം കട്ടപിടിച്ചുപോകുന്ന കാവ്യങ്ങളാണ്.
അവ കോർത്തിണക്കിയിരിക്കുന്നതോ, കണ്ണീരുണങ്ങി പിടിച്ച വാക്കുകൾകൊണ്ടും. അക്കൂട്ടരിൽ ഒരാളാണ് പ്രശസ്ത കവിയും ഹിന്ദി സിനിമാ ഗാനരചയിതാവുമായ രാജേന്ദ്ര കൃഷൻ. അദ്ദേഹത്തിന്റെ വരികൾക്കിടയിലെ മൗനങ്ങളിൽപോലും വിഭജനത്തിന്റെ വേർപിരിയലുകളുടെ, വേർപാടുകളുടെ നീറ്റലും കണ്ണീർ നനവുമുണ്ട്.
‘ചൽ ഉഡ് ജാ രേ പഞ്ചീ കെ അബ് യെ ദേശ് ഹുവാ ബെഗാനാ...’
1957ലിറങ്ങിയ ‘ഭാഭി’ എന്ന സിനിമക്കുവേണ്ടി ചിത്രഗുപ്ത ഒരുക്കിയ ഈണത്തിൽ മുഹമ്മദ് റഫി പാടിയ ഈ ഗാനം ഹിന്ദി സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി മാറി. സിനിമയുടെ സന്ദേശം ഒരു ചിമിഴിൽ ഒതുക്കിയ ഈ ഗാനത്തിന്റെ വരികളിലൂടെ, രാജേന്ദ്രകൃഷൻ ഒരു പക്ഷിയുടെ ഉപമ നൽകിക്കൊണ്ട് മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയെ ആഴത്തിൽ വരച്ചുകാട്ടുന്നു.
പഞ്ചി (പക്ഷീ) ചല് ഉഡ് ജാ... എണീറ്റ് പറന്നു പോകൂ, ഈ നാട് നിനക്ക് അന്യമായി പോയിരിക്കുന്നു. നിന്റെ കൂട് ഉണ്ടായിരുന്ന ഈ ചില്ലയിൽ നിന്റെ നാളുകൾ എണ്ണപ്പെട്ടു പോയിരിക്കുന്നു. ഇന്നിവിടെ നാളെ മറ്റൊരിടത്ത്. അതാണല്ലോ ജീവിതമെന്നാൽ. ഒരു ദേശാടന യോഗം മാത്രമായിരുന്നില്ലേ അത്? എന്നെന്നും ഒരിടത്ത് കഴിയുക എന്നത് ആർക്ക് വിധിച്ചിട്ടുണ്ട്?... വരികൾ നീളുന്നു.
‘ചൽ ഉഡ് ജാ പഞ്ചി...’യുടെ ഓരോ വരിയിലും വിഭജനത്തിന്റെ നൊമ്പരമുണ്ട്, നിലവിളിയുണ്ട്; അതിന്റെ ആലാപനത്തിലും. ഗായകൻ മുഹമ്മദ് റഫിയും വിഭജനത്തിന്റെ നോവ് ഏറ്റുവാങ്ങിയവരിൽ ഒരാളാണ്. ചിത്രഗുപ്ത, പഹാഡി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനശിൽപം ഇത്രക്കും ആഴത്തിൽ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പതിഞ്ഞിറങ്ങിയതിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നൊരു ചോദ്യം ഉയരുന്നുണ്ട്.
വരികൾക്കിണങ്ങിയ ഈണമൊരുക്കിയ ചിത്രഗുപ്തക്കോ? ആസ്വാദകർ അത് മുഹമ്മദ് റഫിക്കാണ് അനുവദിക്കപ്പെടുന്നത്. പക്ഷേ, അതിൽ ഉറഞ്ഞുകൂടിയ വികാരങ്ങൾ, അത് രാജേന്ദ്ര കൃഷന്റേതാണ്. വരികൾ ഇല്ലെങ്കിൽ പിന്നെ ഗാനമേ ഇല്ലല്ലോ.
ഹുസ്ൻലാൽ ഭഗൽറാമിന്റെ കമ്പോസിങ്, 1949ൽ ഇറങ്ങിയ ‘ബഡി ബെഹൻ’ എന്ന സിനിമയിൽ, ഉത്തരേന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളുടെ തെരുവുകളിൽ പോലും ഒരിക്കൽ അലയടിച്ച ലതാജിയുടെ ഒരു ശബ്ദമാധുര്യത്തിന്റെ മിടിപ്പുണ്ട്. അതിന്റെ ഓർക്കസ്ട്ര ആരംഭിക്കുമ്പോൾതന്നെ നർത്തകരല്ലാത്തവരുടെ പോലും ശരീരം തുള്ളി തുടങ്ങും അതിന്റെ രാഗത്തിൽ, താളത്തിൽ. ആസ്വാദകരുടെ ഹൃദയങ്ങളെ താളത്തിനൊത്ത് മിടിപ്പിച്ച ഒരു ഫാസ്റ്റ് നമ്പർ.
‘ചുപ് ചുപ് കഡെ ഹോ സറൂർ കോയി ബാത് ഹെ സറൂർ കോയി ബാത് ഹെ...’ ഈ ഗാനം ആസ്വദിക്കാത്ത ഹിന്ദി സിനിമാ ഗാനാസ്വാദകർ കാണുമെന്ന് കരുതുന്നില്ല. ’51ൽ ഇറങ്ങിയ ഭഗവാൻ ദാദയുടെ അൽബേല എന്ന മ്യൂസിക് റൊമാൻസ് കോമഡിയിലെ ഗാനങ്ങളിൽ ഒന്നുരണ്ടെങ്കിലും മൂളാത്തവരും ആ തലമുറയിൽ കാണില്ല.
സി. രാമചന്ദ്ര ഒരുക്കിയ 12 ഗാനങ്ങളിൽ, ‘ശാമ് ഡലെ കിഡ്കി തലെ... തും സീറ്റി ബജാനാ ചോഡ് ദോ തും തീര് ചലാനാ ചോഡ് ദോ’ എന്ന എക്കാലത്തെയും പോപ്പുലറായ ഹാസ്യഗാനവും ‘ബൽമാ ബഡാ നാദാന് ഹെ’ എന്ന ലതാജി മെലഡിയും എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പട്ടികയിലാണ്. ഇവയൊക്കെ രാജേന്ദ്ര കൃഷന്റെ പൊൻതൂലികയിൽനിന്ന് വാർന്നുവീണതാണ്.
1949ൽ ഇറങ്ങിയ ‘ലാഹോർ’, ദേശവിഭജന മുറിവിന്റെ മറ്റൊരു ദുരന്തകഥയുമായി വന്ന ചിത്രമാണ്. രാജേന്ദ്ര കൃഷൻ രചിച്ച് ശ്യാമസുന്ദർ ഈണം പകർന്ന അതിലെ ഗാനങ്ങൾ ഒന്നടങ്കം ഹിറ്റായി. മികച്ച വരികൾകൊണ്ട് സമ്പന്നവും. ലതാജിയുടെ ഹൃദയദ്രവീകരണ ക്ഷമമായ നൂറ് ഗാനങ്ങളുടെ ലിസ്റ്റിൽ 10 എണ്ണമെങ്കിലും രാജേന്ദ്ര കൃഷൻജിയുടേതായിരിക്കും, അവയിലൊന്നാണ് ലാഹോർ സിനിമയിലെയും.
‘ബഹറോൻ ഫിർ ഭി ആയേന്ഗേ.. മഗർ ഹം, തും ജൂദാ ഹോംഗെ...’ വസന്തങ്ങൾ ഇനിയും വരും പക്ഷേ നമ്മൾ വേർപിരിഞ്ഞു പോവുകയില്ലേ. ഇങ്ങനെ അകന്നകന്ന് പോകുന്നവരെ, ഹൃദയംകൊണ്ട് അകറ്റരുതേ... കണ്ണുകളെ കരയാൻ നിർബന്ധിതരാക്കരുതേ എന്ന കേഴലോടെയാണ് ആ വിഷാദഗാനത്തിന്റെ തുടക്കം.
ഗാന്ധിജിയുടെ മരണാനന്തരം ഹുസ്ൻലാൽ ഭഗത്റാം ചിട്ടപ്പെടുത്തി മുഹമ്മദ് റഫിയുടെ ഗദ്ഗദം തുളുമ്പുന്ന ആലാപനത്തോടെയാണ്, രാജേന്ദ്രകൃഷന്റെ പേര് സംഗീത ലോകമാകെ പരക്കുന്നത്. ‘സുനോ സുനോ യെ ദുനിയാവാലോം ബാപ്പുജി കി അമർ കഹാനി...’
1954ലിറങ്ങിയ ‘നാഗിൻ’ ഏറെ പ്രസിദ്ധമാണ്. ഹേമന്ത് കുമാർ സംഗീതമൊരുക്കിയ ‘നാഗിനി’ലെ ഡസനിലധികം ഗാനങ്ങൾ. ‘മന് ഡോലെ മേരാ തന് ഡോലെ’ ആസ്വദിച്ച ഒരു ശ്രോതാവിന്റെ കാതിൽ ആ മകുടിയുടെ ഇരമ്പൽ മുഴങ്ങിക്കൊണ്ടേയിരിക്കും. ‘തെരി യാദ് മെ ജൽകർ ദേഖ് ലിയാ’ എന്ന ലതാജിയുടെ ഗാനവും ശ്രദ്ധിക്കപ്പെട്ടു, രാജേന്ദ്ര കൃഷൻ മാജിക്.
1964ൽ പുറത്തുവന്ന ഷറാബി എന്ന ചിത്രത്തിനുവേണ്ടി മദൻ മോഹൻ ഒരുക്കിയ ട്യൂണിൽ റഫിയുടെ എക്കാലത്തെയും വലിയ ഒരു ഹിറ്റ് ഉണ്ട്. ജീവിതത്തിലൊരിക്കലും മദ്യം സേവിക്കാത്ത റഫി സാഹിബ്, ഒരു മുഴുക്കുടിയനുവേണ്ടി പാടുന്നത്.
‘മുജേ ലെ ചലോ ആജ് ഫിറ് ഉസ് ഗലീ മേ...’ ഇതിന് പകരം വെക്കാൻ, ഹിന്ദി സിനിമയിൽ അപൂർവ രചനകളെ കാണൂ.
‘സുഖ് കെ സബ് സാത്തി ദുഃഖ് മേ ന കോയി...’ കല്യാണി ആനന്ദ്ജി ചിട്ടപ്പെടുത്തിയ രാജേന്ദ്ര കൃഷന്റെ ഈ ഗാനവും ഏറെ പോപ്പുലറായി. 1970ലിറങ്ങിയ ദിലീപ് കുമാർ അഭിനയിച്ച ‘ഗോപി’ എന്ന സിനിമയിലേതാണീ ഗാനം. സമാനമായ ഒരു ഗാനം മലയാള സിനിമയിലുണ്ട്. 1968ൽ ഇറങ്ങിയ ‘കടൽ’ എന്ന ചിത്രത്തിനുവേണ്ടി എസ്. ജാനകി ആലപിച്ചത്. ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും. കരയുമ്പോൾ...’
ഒരിക്കൽ ഒരു സംഗീത സംവിധായകന് ഒരു ഗാനം എഴുതിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകിയത് തിരക്കിൽ മറന്ന് രാജേന്ദ്ര കൃഷൻ അമേരിക്കയിലേക്ക് യാത്രയായി. ടെലി കമ്യൂണിക്കേഷൻ സൗകര്യങ്ങൾ പരിമിതമായ ആ കാലം. വിഷമത്തിലായ സംഗീത സംവിധായകൻ ഫോണിലൂടെ ബന്ധപ്പെട്ട് കൃഷനെ ഓർമിപ്പിക്കുന്നു. ‘നിങ്ങളെന്ത് പണിയാ ചെയ്തത്?’ ‘ഓഹ് സോറി. ഞാനത് മറന്നുപോയി, ഒരഞ്ചു മിനിറ്റ് ക്ഷമിക്കൂ’. ഏതാനും നിമിഷങ്ങൾക്കുശേഷം ഫോണിലൂടെ വരികൾ വരുന്നു.
പിന്നീട് ഹിറ്റായി തീർന്ന ഒരു ഗാനത്തിന്റെ വരികൾ ഒരു ഫോൺ സന്ദേശമായി നൽകിയ ഗാന രചയിതാവാണ് രാജേന്ദ്ര കൃഷൻ. ’47 മുതൽ മൂന്നു പതിറ്റാണ്ട് കാലം ഹിന്ദി സിനിമയിൽ ആധിപത്യം സ്ഥാപിച്ച ഗാനരചയിതാക്കളിൽ ഒരാളാണ് രാജേന്ദ്ര കൃഷൻ. അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങൾ ഹിന്ദി ഭാഷക്ക് മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.