നാദാപുരം:തട്ടിക്കൊണ്ടു പോക്കിന് പിന്നിൽ തൻെറ കമ്പനിയിൽ ജോലിചെയ്തവരെന്ന് അഹമ്മദ് നാദാപുരം: തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഖത്തറിലെ തൻെറ സൾഫർ കെമിക്കൽ കമ്പനിയിൽ നേരത്തേ ജോലി ചെയ്തിരുന്ന മൂന്നു പേരാണെന്ന് തൂണേരിമുടവന്തേരിയിൽ നിന്ന് കാണാതായി തിരിച്ചെത്തിയ അഹമ്മദ് പറയുന്നു. പയ്യോളി സ്വദേശി അടക്കമുള്ള മൂന്നു പേർ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുലർച്ച പള്ളിയിലേക്ക് നമസ്കരിക്കാൻ പോകുമ്പോൾ കാറിലെത്തിയ അഞ്ചംഗ സംഘം കണ്ണും കൈയും കാലും കെട്ടി കാറിൻെറ ഡിക്കിയിലിട്ടാണ് കൊണ്ടുപോയത്. രണ്ടര മണിക്കൂറോളം യാത്ര ചെയ്തു. യാത്രക്കിടെ കാറിൽ നിന്ന് മർദിച്ചു. മൂന്നു പേരുടെ പേരുകൾ ചോദിച്ചിരുന്നു. ഒരു മുറിയിൽ പൂട്ടിയിട്ട് പിന്നീട് വിലപേശുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം 500 രൂപ തന്ന് രാമനാട്ടുകരക്ക് അടുത്ത് ഇറക്കിവിടുകയും പിന്നീട് രാത്രിയോടെ വീട്ടിലെത്തുകയുമായിരുന്നു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഹമ്മദ് പറഞ്ഞു.
അഹമ്മദിൽനിന്ന് മൊഴിയെടുത്തു; അന്വേഷണം ഊർജ്ജിതം
തൂണേരി മുടവന്തേരിയിൽ തട്ടിക്കൊണ്ടുപോയ എം.ടി.കെ. അഹമ്മദിൽ നിന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസൻ മൊഴിയെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ അഹമ്മദിൻെറ വീട്ടിലെത്തിയ പൊലീസ് സൂപ്രണ്ട് ഒരു മണിക്കൂറോളം തങ്ങി മൊഴി രേഖപ്പെടുത്തി. അഡീഷനൽ എസ്.പി എം. പ്രദീപ് കുമാർ, ഡിവൈ.എസ്.പി സാബു എന്നിവർ സന്നിഹിതരായിരുന്നു.
അഹമ്മദിനെ കാറിൽ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് സംഘം പരിശോധന നടത്തി. പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ ഒലിപ്പിൽ ഭാഗങ്ങളിലും പൊലീസ് പരിശോധന നടത്തി. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരുകയാണ്. അഹമ്മദിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. അഹമ്മദിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘവുമായി വിശകലനം നടത്തി അന്വേഷണം മുന്നോട്ടു നീക്കുമെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കാണാതായ അഹമ്മദിനെ കണ്ടെത്താനാണ് ആദ്യ പരിഗണന നൽകിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.