ബി.സി.സി.ഐ പരിഷ്കാരങ്ങള്‍ നിയമവിരുദ്ധമെന്ന് മാര്‍കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ബി.സി.സി.ഐക്ക് മൂക്കുകയറിട്ട സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശം അഴിച്ചുവിട്ട മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു, ലോധ കമ്മിറ്റിയുടെ  പരിഷ്കാരങ്ങള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബി.സി.സി.ഐക്ക് സമര്‍പ്പിച്ച  ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധി സംബന്ധിച്ച്  ബി.സി.സി.ഐ നിയമോപദേശം തേടിയപ്പോഴാണ് കട്ജു ഈ നിലപാട് കൈക്കൊണ്ടത്. സുപ്രീംകോടതി വിധിക്കെതിരെ വിപുലമായ ബെഞ്ചില്‍ തിരുത്തല്‍ ഹരജി സമര്‍പ്പിക്കാന്‍ കട്ജു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ചെയ്തത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണ് ബി.സി.സി.ഐ സംബന്ധിച്ച സുപ്രീംകോടതി വിധി. ഇന്ത്യന്‍ ഭരണഘടനക്ക് കീഴില്‍ ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയുമുണ്ട്. ഓരോന്നിന്‍െറയും ധര്‍മങ്ങള്‍ക്കിടയില്‍ വിശാലമായ വേര്‍തിരിവുമുണ്ട്. നിയമമുണ്ടാക്കേണ്ടത് ലെജിസ്ലേച്ചറാണ്. എന്നാല്‍, ജുഡീഷ്യറിതന്നെ നിയമമുണ്ടാക്കി തുടങ്ങിയാല്‍ അത് അപകടകരമായ കീഴ്വഴക്കമാണുണ്ടാക്കുകയെന്ന് കട്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്നാട് സൊസൈറ്റീസ് ആക്ട് അടിസ്ഥാനമാക്കിയുണ്ടാക്കിയ ബി.സി.സി.ഐ ഭരണഘടനയെ നിര്‍ബന്ധിച്ച് മാറ്റാന്‍ സുപ്രീംകോടതിക്കും ജസ്റ്റിസ് ലോധ കമ്മിറ്റിക്കും കഴിയില്ളെന്നാണ് കട്ജു പറയുന്നത്. സുപ്രീംകോടതിയും ലോധ കമ്മിറ്റിയും തമിഴ്നാട് സൊസൈറ്റീസ് നിയമം ലംഘിക്കുകയാണ് ചെയ്തത്. അത് പ്രകാരം ബി.സി.സി.ഐ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭരണപരമായ വീഴ്ചകളെക്കുറിച്ചും പരാതിയുണ്ടെങ്കില്‍ സൊസൈറ്റീസ് രജിസ്ട്രാര്‍ക്ക് എഴുതാം.

അതിനാല്‍, സുപ്രീംകോടതിയുടെ വിപുലമായ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് ബി.സി.സി.ഐക്ക് താന്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. ബി.സി.സി.ഐക്കുള്ള ശിക്ഷ തീരുമാനിക്കാന്‍ ഈ കേസില്‍ സുപ്രീംകോടതി ഒരു കമ്മിറ്റിക്ക് പുറംകരാര്‍ നല്‍കുകയായിരുന്നു. ബി.സി.സി.ഐയുടെ പോരായ്മകള്‍ കണ്ടത്തൊനാണ് സുപ്രീംകോടതി ലോധ കമ്മിറ്റിയെ നിയോഗിച്ചത്. ആ തീരുമാനം ശരിയാണ്. ലോധ കമ്മിറ്റി അതിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുറക്ക് സുപ്രീംകോടതി അത് പാര്‍ലമെന്‍റിനും സംസ്ഥാന നിയമസഭകള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.  ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം നിയമനിര്‍മാണ സഭയാണ് തീരുമാനിക്കേണ്ടത്. നിയമനിര്‍മാണം നടത്തേണ്ട പണി ജുഡീഷ്യറിയല്ല എടുക്കേണ്ടത്. ഗൗരവമേറിയ വിഷയങ്ങളില്‍ പുനഃപരിശോധനാ ഹരജി വിപുലമായ ബെഞ്ച് പരിഗണിച്ചതിന്‍െറ നിരവധി ഉദാഹരണങ്ങളും ജസ്റ്റിസ് കട്ജു നിരത്തി.
ബി.സി.സി.ഐയില്‍ പരിഷ്കരണം വേണമെന്ന അഭിപ്രായത്തെ കട്ജു പിന്തുണച്ചു. എന്നാല്‍, അതുപോലെ ജുഡീഷ്യറിയിലും പരിഷ്കരണം വേണമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. മൂന്ന് കോടിയിലേറെ കേസുകളാണ് ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇത്തരം പരിഷ്കരണ പ്രവണതകളുമായി സുപ്രീംകോടതി മുന്നോട്ടുപോയാല്‍ നാളെ മാധ്യമ സ്ഥാപനങ്ങളുടെ നയവും പത്രപ്രവര്‍ത്തകരുടെ കാലാവധിയും സുപ്രീംകോടതി അടിച്ചേല്‍പിക്കും. പണ്ടോറയുടെ പെട്ടി തുറക്കുകയാണ് ബി.സി.സി.ഐ വിധിയിലൂടെ ചെയ്യുന്നതെന്നും കട്ജു കുറ്റപ്പെടുത്തി.   അതേസമയം കട്ജുവിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് പഠിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍കി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.