യുനൈറ്റഡ് നേഷന്‍സ്: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍െറ അലയൊലി യു.എന്നിലും. വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ വിഷയത്തെച്ചൊല്ലി ഇരു രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. സഭയില്‍ കശ്മീര്‍ വിഷയം നേരിട്ട് ഉന്നയിച്ചില്ളെങ്കിലൂം പാക് പ്രതിനിധി മലീഹ ലോധിയുടെ പ്രസംഗത്തില്‍ ബുര്‍ഹാന്‍ വാനി കടന്നുവന്നതാണ് വാഗ്വാദത്തിനിടയാക്കിയത്. ബുര്‍ഹാനെ കശ്മീര്‍ നേതാവ് എന്ന് വിശേഷിപ്പിച്ച മലീഹ, അദ്ദേഹത്തിന്‍െറ കൊലപാതകം അന്യായമായെന്നും കുറ്റപ്പെടുത്തി. തുടര്‍ന്ന്, ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ നടത്തിയ പ്രസംഗത്തില്‍ മലീഹക്ക് അക്കമിട്ട് മറുപടി നല്‍കി.പാക് ഭരണകൂടം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിക്കുകയാണെന്നും മറ്റുള്ളവരുടെ ഭൂപ്രദേശങ്ങള്‍ അന്യായമായി കീഴ്പ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അക്ബറുദ്ദീന്‍ ആരോപിച്ചു.
കശ്മീരിനെച്ചൊല്ലി തെറ്റായ ആരോപണമുന്നയിച്ച് പാകിസ്താന്‍ യു.എന്‍ വേദിയെ ദുരുപയോഗം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭ തീവ്രവാദികളായി പ്രഖ്യാപിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പാകിസ്താന്‍ അഭയം നല്‍കുകയാണെന്നും അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. കശ്മീര്‍ പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര തലത്തില്‍തന്നെ പോംവഴികള്‍ തേടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ രാഷ്ട്രാന്തര വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്. അതിനിടെ, പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ വിഘടന വാദികക്ഷിയായ ഹൂര്‍റിയ്യത്ത് നേതാവ് മിര്‍വാഈസ് ഉമര്‍ ഫാറൂഖുമായി ടെലിഫോണില്‍ സംസാരിച്ചു. മിര്‍വാഈസിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ച് നടത്താനിരിക്കെയാണ് ബിലാവലിന്‍െറ ഇടപെടല്‍. പി.പി.പിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പാകിസ്താനിലും ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിക്കുമെന്ന് ബിലാവല്‍ മിര്‍വാഈസിനെ അറിയിച്ചിട്ടുണ്ട്.അതിനിടെ, കശ്മീര്‍ പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയാണെന്ന് യു.എന്നും യു.എസും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.