ബീഫ് കൈവശം വെച്ച മുസ് ലിം സ്ത്രീകള്‍ക്ക് മര്‍ദനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാട്ടിറച്ചി കൈവശംവെച്ച മുസ് ലിം സ്ത്രീകളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മാന്‍ഡസോറിലെ റെയില്‍വേ സ്റ്റേഷനിൽ വെച്ചാണ് രണ്ട് സ്ത്രീകളെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന്  അടിക്കുകയും തൊഴിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. രണ്ട് മുസ് ലിം സ്ത്രീകളുടെ കൈവശം ബീഫ് സൂക്ഷിച്ചുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവരെ അറസ്റ്റ് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ത്രീകളെ ആക്രമിക്കുന്നതിന്‍റെ മൊബൈല്‍  ഫോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗോമാതാ കീ ജയ് എന്ന് വിളിച്ചു കൊണ്ട് സംഘം സ്ത്രീകള്‍ക്ക് നേരെ അക്രമം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണ് ഇവരെ മര്‍ദിക്കുന്നത്. ആള്‍കൂട്ടത്തെ നിയന്ത്രിക്കുകയോ  അക്രമം ചെറുക്കുകയോ ചെയ്യാതെ പൊലീസും മറ്റ് ദൃക്സാക്ഷികളും നോക്കി നില്‍ക്കുകയായിരുന്നു. സ്ത്രീകളെ അരമണിക്കൂറോളം സംഘം മര്‍ദിച്ചു. ദൃക്സാക്ഷികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ  ആക്രമണത്തിന്‍റെ വീഡിയോ വൈറലായി കൊണ്ടിരിക്കയാണ്.

പൊലീസ് നടത്തിയ പരിശോധനയില്‍ 30 കിലോയോളം ഇറച്ചി  സ്ത്രീകളില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍, പരിശോധനയില്‍ അത് പശുയിറച്ചിയല്ളെന്നും പോത്തിറച്ചിയാണെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.

അനധികൃതമായി ഇറച്ചി കൈവശംവെച്ചതിന് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, സ്ത്രീകളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.