ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് അന്വേഷിച്ച ഐ.എ.എസ് ഓഫിസര്‍ ബി.കെ പ്രസാദിന് സെക്രട്ടറിപദവിയില്‍ രണ്ടുവര്‍ഷത്തേക്ക് പുതിയ നിയമനം. നാടോടികളായ ആദിവാസി വിഭാഗത്തിന്‍െറ ദേശീയ കമീഷനില്‍ സെക്രട്ടറിയായാണ് ബി.കെ. പ്രസാദിനെ നിയമിച്ചിരിക്കുന്നത്.
ആഭ്യന്തര വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്ന പ്രസാദ് മേയ് 31ന് വിരമിച്ചെങ്കിലും നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജൂലൈ 31 വരെ കാലവധി നീട്ടി നല്‍കുകയായിരുന്നു. കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ പദവിയില്‍ നിയമിച്ചിരിക്കുന്നത്. ബി.കെ. പ്രസാദിന്‍െറ നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള കാബിനറ്റ് കമീഷന്‍ അംഗീകാരം നല്‍കിയതോടെ പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
നഷ്ടപ്പെട്ട ഫയല്‍ സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സാക്ഷിക്ക് എന്താണ് മറുപടി പറയേണ്ടതെന്ന് പഠിപ്പിച്ചു കൊടുക്കുന്ന ബി.കെ. പ്രസാദിന്‍െറ ശബ്്ദരേഖ മുമ്പ് വിവാദമായിരുന്നു. അറ്റോണി ജനറല്‍ സൂക്ഷ്മപരിശോധന നടത്തിയ സത്യവാങ്മൂലമടക്കമുള്ള ഫയലുകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാന്‍ മാര്‍ച്ച് 14നാണ് സര്‍ക്കാര്‍ ബി.കെ പ്രസാദിന്‍െറ നേതൃത്വത്തിലുള്ള പാനലിനെ നിയമിച്ചത്. ജൂണ്‍ 15ന് പാനല്‍ റിപ്പോര്‍ട്ട് നല്‍കി. 1983 ബാച്ച് തമിഴ്നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ബി.കെ. പ്രസാദ്.
അതേസമയം, ബി.കെ. പ്രസാദിന് പുറമെ 15 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുകൂടി സ്ഥാനചലനമുണ്ട്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ അരുണ ശര്‍മയെ സ്റ്റീല്‍ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഭാനുപ്രതാപ് ശര്‍മയെ പേഴ്സനല്‍ വകുപ്പ് സെക്രട്ടറിയാക്കി. അരുണ സുന്ദരരാജന്‍ ഐ.ടി വകുപ്പ് സെക്രട്ടറിയാവും. ഗുജറാത്തില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിങ്ങിനെ ജലസേചന വകുപ്പിന്‍െറ ചുമതലയേല്‍പിക്കും. എന്‍.എസ്. കാങ്ങിനെ ദേശീയ എയ്ഡ്സ് നിയന്ത്രണ സമിതിയുടെ ഡയറക്ടര്‍ ജനറലാക്കും. എം. സത്യവതി (തൊഴില്‍ മന്ത്രാലയം), സി.കെ. മിശ്ര (ആരോഗ്യം), ദിനേശ് സിങ് (ഭൂവിഭവം), അമരീന്ദ്ര കുമാര്‍ ദുബെ (യുവജനകാര്യം), ലതാകൃഷ്ണ റാവു (സാമൂഹിക ക്ഷേമം), അമര്‍ജീത് സിന്‍ഹ (ഗ്രാമവികസനം), സ്മിത ചഗ് (വ്യവസായ നയരൂപവത്കരണം), രാകേഷ് ശ്രീവാസ്തവ (പിന്നാക്ക വികസന കമീഷന്‍), രാജീവ് കപൂര്‍ (എല്‍.ബി.എസ് അക്കാദമി) എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.