ശ്രീനഗർ: 370ാം വകുപ്പ് എടുത്തുകളഞ്ഞ് ഒരുവർഷം തികഞ്ഞ വേളയിൽ ജമ്മു–കശ്മീരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് അധികൃതർ. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല വിളിച്ചുചേർത്ത മുഖ്യ പാർട്ടികളുടെ യോഗത്തിനടക്കം അനുമതി നിഷേധിച്ചു.
ശ്രീനഗറിലെ പ്രതിഷേധസാധ്യതയുള്ള സ്ഥലങ്ങളിൽ ആഗസ്റ്റ് നാലും അഞ്ചും തീയതികളിൽ സർക്കാർ നേരത്തേ തന്നെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം അത് നീക്കിയെങ്കിലും പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡിെൻറ പശ്ചാത്തലം ചൂണ്ടിക്കാണിച്ചാണ് നടപടി.
എന്നാൽ, വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ കടുത്തതാണെന്നുമാണ് ശ്രീനഗർ വാസികൾ പറയുന്നത്. വിവിധ റോഡുകളിലും പാലങ്ങളിലും ഇരുമ്പുകമ്പികളും ബാരിക്കേഡുകളും കെട്ടിപ്പൊക്കി ജനസഞ്ചാരം തടഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
നിയന്ത്രണങ്ങൾമൂലം ശ്രീനഗറിൽ കടകൾ അടഞ്ഞുകിടക്കുകയാണെന്നും മരുഭൂസമാന വിജനതയാണെന്നും അവർ അറിയിച്ചു. കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടിയാണെങ്കിലും സാധാരണഗതിയിലുള്ള ലോക്ഡൗൺ അല്ല ഇവിടെ. ഒരാളെയും അനങ്ങാൻ അനുവദിക്കുന്നില്ല. അത്രയും കടുത്ത നിയന്ത്രണമാണ് -റാവൽപൊര നിവാസിയായ ശാബിർ അഹ്മദ് പറഞ്ഞു.
സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നാണ് മുതിർന്ന പൊലീസ് ഓഫിസർ പറയുന്നത്. ഷോപിയാനിൽ ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്തതായും ആർക്കും പരിക്കില്ലെന്നും ഓഫിസർ പറഞ്ഞു.
ബി.ജെ.പിയുടെ കപടനാട്യമാണ് യോഗങ്ങൾക്കുള്ള വിലക്കെന്ന് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല പറഞ്ഞു. 370ാം വകുപ്പ് എടുത്തുകളഞ്ഞതിെൻറ വാർഷികാഘോഷത്തിന് ബി.ജെ.പി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തെൻറ പിതാവ് വിളിച്ചുചേർത്ത യോഗത്തിന് വിലക്കേർപ്പെടുത്തി.
സാധാരണ രാഷ്ട്രീയപ്രവർത്തനത്തെ ബി.ജെ.പി ഭയക്കുന്നു. ഇത് കശ്മീരിലെ യഥാർഥ സാഹചര്യം വിളിച്ചോതുന്നു -അദ്ദേഹം പറഞ്ഞു.
കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ ആഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കുമെന്ന് പി.ഡി.പി അറിയിച്ചു. അതേസമയം, പാർട്ടി ഓഫിസുകളിലും വിജനമായ തെരുവുകളിലും ത്രിവർണ പതാക ഉയർത്തി ബി.ജെ.പി ഈ ദിനം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.