എന്‍റെ ജനനം തന്നെയാണ് വലിയ ദുരന്തം; രോഹിതിന്‍റെ ആത്മഹത്യാ കുറിപ്പ്

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റി അധികൃതര്‍ സസ്പെന്‍റ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി എഴുതിയ ആത്മഹത്യാ കുറിപ്പിന്‍റെ പൂര്‍ണ രൂപം.

ഗുഡ്മോണിങ്,

 ഈ കത്ത് വായിക്കുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടായിരിക്കുകയില്ല. എന്നോട് ആര്‍ക്കും ദേഷ്യമൊന്നും തോന്നരുത്. നിങ്ങള്‍ എന്നെ നന്നായി സംരക്ഷിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അറിയാം. ആരെക്കുറിച്ചും എനിക്ക് ഒരു പരാതിയുമില്ല. എല്ലാം എന്‍റെ കുറ്റവും പ്രശ്നങ്ങളുമാണ്. ആത്മാവും ശരീരവും തമ്മില്‍ വലിയൊരു വിടവ് എനിക്കനുഭവപ്പെട്ടിരുന്നു.  ഞാന്‍ ഒരു ഭീകരജീവിയായി മാറിയിരിക്കുന്നു. ഒരു എഴുത്തുകാരനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ശാസ്ത്രത്തെ കുറിച്ച് എഴുതുന്ന കാള്‍ സാഗനെപ്പോലെ. ഒടുക്കം എനിക്കെഴുതേണ്ടി വന്നത് ഈ ഒരു കത്ത് മാത്രമാണ്.
സയന്‍സിനെയും നക്ഷത്രങ്ങളെയും പ്രകൃതിയെയുമെല്ലാം ഞാന്‍ സ്നേഹിച്ചിരുന്നു.  എന്നിട്ടും പ്രകൃതിയില്‍ നിന്നും അകന്ന ശേഷം ദീര്‍ഘദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ എല്ലാം രണ്ടാം തരമാക്കി അവഗണിക്കുന്നു. ഞങ്ങളുടെ സ്നേഹം കൃത്രിമമാക്കപ്പെടുന്നു. വിശ്വാസങ്ങളെല്ലാം നിറംപിടിപ്പിക്കപ്പെട്ടതാക്കുന്നു. യാഥാര്‍ഥ്യങ്ങളെല്ലാം പൊള്ളയായി ചിത്രീകരിക്കപ്പെടുന്നു.  

വ്രണപ്പെടാതെ സ്നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്. പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവും അടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്‍െറ മൂല്യത്തിന് ഇടിവു വരുത്തുകയാണ് ചെയ്യുന്നത്. വോട്ടിന്‍െറ പേരില്‍, വസ്തുവിന്‍െറ പേരില്‍,നമ്പറിന്‍െറ പേരില്‍ ആ മൂല്യത്തെ ചുരിക്കിക്കളയുന്നു. ഒരു മനുഷ്യന്‍ പരിഗണിക്കപ്പെടേണ്ടത് അവന്‍െറ മനസ്സിനെ നോക്കിയിട്ടാണ്. അങ്ങനെ ആരും പരിഗണിക്കപ്പെടുന്നില്ല.
ആത്മാവ് മഹത്തരമാണ് അത് എല്ലായിടത്തും ഒരു ഊര്‍ജിത പ്രഭാവമുണ്ടാക്കുന്നു. ജീവിതത്തിലും മരണത്തിലും തെരുവുകളിലും രാഷ്ട്രീയത്തിലും പഠനത്തിലും തെരുവുകളിലും തുടങ്ങി എല്ലാ മേഖലകളിലും.

ഇത്തരത്തില്‍ ഞാന്‍ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്. എന്‍െറ ആദ്യത്തേതും അവസാനത്തേതുമായ കത്താണിത്. നിങ്ങളെ ഇത് മനസ്സിലാക്കാനാവാതെ പോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. ഒരു പക്ഷേ ലോകത്തെ മനസ്സിലാക്കുന്നതില്‍ എനിക്ക് തെറ്റുപറ്റിയേക്കാം. സ്നേഹത്തെയും വേദനയെയും ജീവിതത്തെയും മരണത്തെയും എല്ലാം മനസ്സിലാക്കുന്നതില്‍. അതിലൊന്നും എനിക്കൊരു തിടുക്കവുമില്ലായിരുന്നു. എന്നിട്ടും ഞാന്‍ എല്ലായ്പോഴും തിക്കിത്തിരക്കിക്കൊണ്ടിരുന്നു. ഒരു ജീവിതം തുടങ്ങാന്‍പോലും എനിക്ക് നിരാശയായിരുന്നു. എന്നാല്‍ ചിലായാളുകളെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് എല്ലായ്പോഴും ഒരു ശാപമായിരുന്നു അവര്‍ക്ക്. എന്‍െറ ജനനം തന്നെയായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. കുട്ടിക്കാലത്തെ ഒറ്റപ്പെടലില്‍ നിന്ന് എനിക്ക് ഒരിക്കലും തിരിച്ചു വരാന്‍ കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍.

അതിനെപ്പറ്റി എനിക്കൊരു വിഷമവുമില്ല.  ഞാന്‍ ഇപ്പോള്‍ ശൂന്യനായിരിക്കുകയാണ്. ജീവിതത്തെക്കുറിച്ചുള്ള താല്‍പര്യമില്ലായ്മ എന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്. ഞാന്‍ പോകുന്ന കാരണത്താല്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം. സ്വാര്‍ഥന്‍ എന്നും ഭീരുവെന്നും വിളിച്ചേക്കാം.  അതൊന്നും എനിക്ക് പ്രശ്നമല്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഒന്നും  ഞാന്‍ വിശ്വസിക്കുന്നില്ല.   എന്നാല്‍, ഞാന്‍ നക്ഷത്രങ്ങളുടെ ഇടയിലേക്ക് യാത്ര ചെയ്യുകയാണെന്നും അതിലൂടെ മറ്റൊരു ലോകത്തിലേക്ക് എത്താമെന്നും കരുതുന്നു....

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.