മൃദംഗ കുലപതിക്ക് അനന്തപുരിയുടെ ആദരം

ആറ് പതിറ്റാണ്ടത്തെ സംഗീത സപര്യക്ക് ഒടുവില്‍ അനന്തപുരിയുടെ ആദരം. 1957ല്‍ നടന്ന ആദ്യ സംസ്ഥാന യുവജനോത്സവത്തിലെ വിജയിയും മൃദംഗ വിദ്വാനുമായ ചേര്‍ത്തല എ.കെ. രാമചന്ദ്രനെയാണ് 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ സര്‍ക്കാര്‍ ആദരിക്കുന്നത്.
എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന കലോത്സവത്തില്‍ ഹൈസ്കൂള്‍ മൃദംഗമത്സരത്തിലെ വിജയിയാണ് ചേര്‍ത്തല രാമചന്ദ്രന്‍. ‘ആദ്യ കലോത്സവം മൂന്നുദിവസമായിരുന്നു.
22 ഇനങ്ങളിലായി 300ഓളം പേര്‍ മാത്രമായിരുന്നു അന്ന് മത്സരരംഗത്തുണ്ടായിരുന്നത്. ഞാനടക്കം 12 പേരാണ് മൃദംഗമത്സരത്തിനത്തെിയത്. പക്ഷേ, അതില്‍ ഞാനടക്കം 11പേരും വായിച്ചത് ആദിതാളമായിരുന്നു. കാരണം, ആദിതാളത്തിലാണ് എല്ലാവരും കൊട്ടിപ്പഠിക്കുന്നത്. പക്ഷേ, അതില്‍ ഒരു മത്സരാര്‍ഥി വായിച്ചത് രൂപകമായിരുന്നു. ഇതോടെ വിധികര്‍ത്താക്കള്‍ ചിന്താക്കുഴപ്പത്തിലായി. ആദിതാളത്തില്‍ മികച്ച രീതിയില്‍ വായിച്ചത് ഞാനായിരുന്നു. പക്ഷേ, വ്യത്യസ്ത താളം വായിച്ച മത്സരാര്‍ഥിയെ ഒഴിവാക്കാനും വയ്യ.
അന്ന് അപ്പീലൊന്നും ഇല്ലാത്ത കാലമല്ളേ. വിധികര്‍ത്താക്കള്‍ ഞങ്ങള്‍ രണ്ടുപേരെയും വിളിച്ചു. ആദിതാളം അല്ലാതെ മറ്റ് എന്തെങ്കിലും താളം വായിക്കാന്‍ അറിയാമോ എന്നൊരു ചോദ്യം. പിന്നെയൊന്നും ഞാന്‍ ആലോചിച്ചില്ല. ഉടന്‍ ‘മിശ്രചാപ്പ്’ കൊട്ടിത്തകര്‍ത്തു. ഇതോടെയാണ് ഒന്നാംസ്ഥാനം നേടുന്നത്’ -രാമചന്ദ്രന്‍ പറയുന്നു.
1961, 62, 63 കാലങ്ങളില്‍ കേരള യൂനിവേഴ്സിറ്റി യുവജനോത്സവത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ രാമചന്ദ്രനെ അന്ന് ഇന്ത്യന്‍ പ്രസിഡന്‍റ് ഡോ. എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ഡല്‍ഹിയില്‍ വിളിപ്പിച്ച് അനുമോദിച്ചിരുന്നു.
1970 മുതല്‍ ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന രാമചന്ദ്രന്‍ ഇന്ന് ടോപ് ഗ്രേഡ് ആര്‍ട്ടിസ്റ്റുമാരിലൊരാളാണ്.
35 വര്‍ഷമായി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിക്കുന്ന രാമചന്ദ്രന്‍, യേശുദാസടക്കമുള്ള പ്രമുഖരോടൊപ്പം ഇന്നും പരിപാടികള്‍ അവതരിപ്പിക്കുന്നു. 2001ല്‍ ചിത്തിരതിരുനാള്‍ സ്മാരക സംഗീത നാട്യകലാകേന്ദ്ര പുരസ്കാരവും 2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.