കോഴിക്കോട്: മാധ്യമം -മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സംയുക്തമായി ഒരുക്കുന്ന ലീഡർഷിപ് കാമ്പയിന് കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ ആവേശകരമായ തുടക്കം. കേരളത്തിലുടനീളം കോളജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിന്റെ ആദ്യഘട്ടം ‘എംപവർ; ഏൺ, ഇവോൾവ്’ സംവാദത്തിന് പ്രോവിഡൻസ് വിമൻസ് കോളജ് വേദിയായി.
കോഴിക്കോട് സബ് കലക്ടർ ഹർഷിൽ ആർ. മീണ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്ത്, യുവ സംരംഭക തനൂറ ശ്വേത മേനോൻ, സുപ്രീംകോടതി അഭിഭാഷക അഡ്വ. ബബില എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പാനൽ ചർച്ചയിൽ സ്ത്രീകൾ സാമ്പത്തിക സുരക്ഷിതത്വം നേടേണ്ടതിന്റെ പ്രാധാന്യം ചർച്ചചെയ്തു.
വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനാണ് ‘ലീഡർഷിപ്’. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സ്റ്റാർട്ട് അപ്-കരിയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിയമങ്ങൾ, സ്ത്രീകളുടെ ആരോഗ്യം -ശുചിത്വം, രാഷ്ട്രീയം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ലീഡർഷിപ് കാമ്പയിനിൽ ചർച്ചയാകും.
കാമ്പയിന്റെ ഭാഗമായി സംവാദങ്ങൾ, സെമിനാറുകൾ, ഡിബേറ്റുകൾ, വർക്ക്ഷോപ്പുകൾ, ടോക് ഷോകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ അരങ്ങേറും. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടികളിൽ വനിത ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.