ചെലവേറിയ ഇനം ബാന്‍ഡ് വാദ്യം; പൊടിയുന്നത് ഒന്നരമുതല്‍ മൂന്ന് ലക്ഷം വരെ

തിരുവനന്തപുരം: കലോല്‍സവത്തിലെ ഏറ്റവും ചെലവേറിയ ഇനം എന്ന പദവി കൂടിയാട്ടത്തില്‍നിന്നും സംഘനൃത്തത്തില്‍നിന്നും വൃന്ദവാദ്യത്തില്‍നിന്നുമൊക്കെ  മാറി ഇപ്പോള്‍ ബാന്‍ഡ് വാദ്യത്തിന്  കൈവന്നിരിക്കയാണ്. ചുരുങ്ങിയത് ഒന്നരലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഈ ഇനം വേദിയില്‍ എത്തിക്കാനാവൂയെന്ന് പരിശീലകരും രക്ഷിതാക്കളും പറയുന്നു. ഇത്  എല്ലാം വെട്ടിച്ചുരുക്കിയുള്ള കണക്കാണ്. മൊത്തം കണക്കുനോക്കുമ്പോള്‍ മൂന്നുലക്ഷത്തില്‍ അധികം രുപ ചെലവുവരും. അതുകൊണ്ടുതന്നെ കാശുമുടക്കാന്‍ കഴിയുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ തന്നെ ഈ മല്‍സര ഇനത്തില്‍ തിളങ്ങുന്നു.
ബാന്‍റും ബ്യൂഗിളും ക്ലാരനറ്റും തൊട്ടുളള വാദ്യോപകരണങ്ങള്‍ക്കും വേഷവിതാനങ്ങള്‍ക്കുമായി തന്നെവരും നല്ലൊരു തുക. ഒന്നും രണ്ടുമല്ല 20 കുട്ടികളാണ് ഇനത്തിലുള്ളത്. മറ്റ് മല്‍സരങ്ങളെപ്പോലെ കലോല്‍സവത്തിന് ‘ഇന്‍സ്റ്റന്‍റായി‘ പഠിപ്പിച്ച് ഇത് അവതരിപ്പിക്കാനുമാവില്ല. ഒരു കൊല്ലം മുഴുവന്‍ നീളുന്ന പരിശീലനം വേണം. അതിനായി പ്രത്യേക അധ്യാപകരെ വെച്ചാണ് പ്രമുഖ സ്കൂളുകള്‍ പരിശീലിക്കുന്നത്. ചെന്നൈയില്‍നിന്നുള്ള പ്രശസ്തരായ ബാന്‍ഡുവാദകരെ കൊണ്ടുവന്ന് പരിശീലനം നടത്തിച്ച സ്കൂളുകാരും  ഈ കൂട്ടത്തിലുണ്ട്.ഇത്രയധികം ഉപകരണങ്ങളും കുട്ടികളും ഉള്ളതുകൊണ്ട് സ്വന്തമായി വാഹനവും വേണം. മറ്റ്  മല്‍സരങ്ങളില്‍നിന്ന് വ്യത്യസ്തമായി പൊലീസ് ക്യാമ്പിലെയും മറ്റും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ബാന്‍ഡ്മേളത്തിന് വിധികര്‍ത്താക്കളായി എത്താറ്.
സ്കൂള്‍ മാനേജുമെന്‍റും പി.ടി.എയും ചേര്‍ന്ന് പ്രത്യേക ഫണ്ട് ഉണ്ടാക്കിയാണ് ചില സ്കൂളുകള്‍ ബാന്‍ഡ് സംഘത്തെ നിലനിര്‍ത്തുന്നത്. ചെലവ് ഇത്രയേറെയായതിനാല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുളുടെ പ്രാതിനിധ്യവും ഈ മല്‍സരത്തില്‍ നാമ മാത്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.