തിരുവനന്തപുരം: കലോത്സവ മത്സര ഇനങ്ങളിലെ എല്ലാ ഭാഗവും സ്പര്‍ശിക്കുന്ന ‘ഹോളിസ്റ്റിക് സമീപനമാണ്’ 10ാംതവണത്തെയും കോഴിക്കോടിന്‍െറ വിജയത്തിന് പിന്നിലുള്ളത്.
പതിവുപോലെ സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ് ആണ് കോഴിക്കോടിനുവേണ്ടി പോയന്‍റ് വേട്ടയില്‍ മുന്നില്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 123 പോയന്‍റാണ് അവര്‍ നേടിയത്. 96 പോയന്‍റുമായി സെന്‍റ് ജോസഫ് ആഗ്ളോഇന്ത്യന്‍ ഗേള്‍സും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രസന്‍റേഷന്‍ എച്ച്.എസ്.എസും, സെന്‍റ്ജോസഫ് ബോയ്സ് ഹൈസ്കൂളും, സാമൂതിരി, സേവിയോ സ്കൂളുകളും, കാലിക്കറ്റ് ഗേള്‍സും ചേരുന്ന സിറ്റി ഉപജില്ലാ കോഴിക്കോടിന്‍െറ നട്ടെല്ലാവുകയാണ്. അതേസമയം, പേരാമ്പ്ര എച്ച്.എസ്.എസ്, ജി.വി.എച്ച്.എച്ച്.എസ് കൊയിലാണ്ടി, മേമുണ്ട എച്ച്.എസ്.എസ്, തിരുവങ്ങൂര്‍ എച്ച്.എസ്.എസ്, കുന്ദമംഗലം എച്ച്.എസ്.എസ്, മോഡല്‍ സ്കൂള്‍ ചാലപ്പുറം എന്നിവ നാടകവും മോണോആക്ടും ലളിതസംഗീതവും രചനാ-ചിത്രമത്സരങ്ങളിലും അടക്കമുള്ള വിവിധ മേഖലകളില്‍  വെന്നിക്കൊടി പാറിച്ചു. ഇലാഹിയ കാപ്പാട്, ജി.എം.വി.എച്ച്.എസ് കൊയിലാണ്ടി, മര്‍കസ് എച്ച്.എസ്.എസ് കാരന്തൂര്‍ എന്നിവ മാപ്പിള കലകളിലും കാഴ്ചവെച്ചത് മികച്ച പ്രകടനം.
അതേസമയം, അപ്പീലും കോടതിനടപടികളും പണക്കൊഴുപ്പുമൊക്കെ ഈ വിജയത്തിനുപിന്നിലുണ്ടെന്ന് വിമര്‍ശവുമുണ്ട്. എങ്കിലും സില്‍വര്‍ഹില്‍സ് അടക്കമുള്ള സ്കൂളുകള്‍ കലോത്സവത്തിനുള്ള തയാറെടുപ്പുകളെയും കുറച്ചുകാണാനാവില്ല. മേളക്കാലത്തുമാത്രം എന്തെങ്കിലും തട്ടിക്കൂട്ടുന്നതിനു പകരം പ്രത്യേക അധ്യാപകരുടെ നേതൃത്വത്തില്‍ വര്‍ഷം നീളുന്ന അക്കാദമിക പ്രവര്‍ത്തനമാക്കി കലോത്സവമത്സരങ്ങളെ ഈ സ്കൂളുകള്‍ മാറ്റിക്കഴിഞ്ഞു.
അണ്‍എയ്ഡഡ് സ്കൂളുകളുടെ തിളക്കമാണ് കോഴിക്കോടിന്‍െറ വിജയത്തിനു പിന്നിലെന്ന ആരോപണത്തിനും കഴമ്പില്ളെന്ന് പോയന്‍റുനില നോക്കിയാല്‍ കാണാം.
കോഴിക്കോടിന് കിട്ടിയ 900ത്തിലേറെ പോയന്‍റില്‍ 300ഓളമാണ് ഈ സ്കൂളുകളുടെ സംഭാവന. അതുകൊണ്ടുതന്നെ ജില്ലയിലെ മൊത്തം സ്കൂളുകളുടെ മികച്ച  പ്രകടനംതന്നെയാണ് കോഴിക്കോടിന് തുണയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.